Wednesday, January 2, 2008

അരിവില കൂടട്ടങ്ങനെ കൂടട്ടെ!

സന്തോഷിന്റെ
എന്ന പോസ്റ്റിന്‌ എഴുതിയ കമന്റ്‌
ലപ്പുഴ ജില്ലയിലെ ഓണാട്ടുകരയില്‍ ഇന്നും നെല്‍കൃഷി ചെയ്യുന്ന അപൂര്‍വ്വം കുടുംബങ്ങളില്‍ ഒന്നാണ്‌ എന്റേത്‌.നെല്‍ കൃഷി വന്‍ നഷ്ടമുണ്ടാക്കുന്ന ഒന്നാണെന്ന് ആരെക്കാളും നന്നായി എനിക്കറിയാമെങ്കിലും പരമ്പരാഗതമായി പാടശേഖരവും, പുഞ്ചയും, വിരിപ്പുമെല്ലാമുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചതിന്റെ പേരിലും ചെറുപ്പം തൊട്ടേ ഈ കൃഷി അന്നമൂട്ടിയിരുന്നതിന്റെ നന്ദിയും കടപ്പാടും ഇന്നുമുള്ളതിനാലും, കാളയും, കലപ്പയും, തടിച്ചെരുപ്പും, 'മരവും', ചക്രവും അറയും അങ്ങനെ കൃഷിയെന്നത്‌ രക്തതില്‍ അലിഞ്ഞു ചേര്‍ന്നതിനാലും, എന്റെ പിതാവ്‌ നെല്‍കൃഷി നിര്‍ത്തിയിട്ടില്ല.

ഓരോ വര്‍ഷവും കൃഷി കഴിഞ്ഞ്‌ കണക്കെടുക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം കൈമുതലായിട്ടും ഒരു സര്‍ക്കാര്‍ ഉദ്യോഗം കൂടി ഉണ്ടായിരുന്നതുകൊണ്ടും, അന്തസ്സായി നാലു ജോലിക്കാരുടേതിനു തുല്യമായ പണി പാടത്ത്‌ ചെയ്യാന്‍ ഒരു മടിയുമില്ലത്തതുകൊണ്ടും, അത്‌ പണിക്കാരേക്കാള്‍ നന്നായി അറിയാമെന്നതുകൊണ്ടും മാത്രമാണ്‌ നഷ്ടമായിട്ടുകൂടി അദ്ദേഹത്തിന്‌ ഇത്രകാലവും അത്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിഞ്ഞത്‌. ഞാന്‍ ഓരോ വര്‍ഷവും ചോദിക്കുമ്പോള്‍ "നിര്‍ത്തിയെടാ, ഇപ്രവാശ്യത്തേതുകൂടിയേയുള്ളൂ, ഇത്‌ ലാസ്റ്റാണ്‌ എങ്ങനെയെങ്കിലും ഒന്നു കൊയ്ത്‌ കരയ്ക്കെത്തിച്ചാല്‍ മാത്രം മതി" യെന്നും പറുമ്പോഴും, എന്റെ ഉമ്മിച്ച അതിനെതിരേ "നിനക്കെന്താ, ഇതിങ്ങനെതന്നെ എന്നും പറയും, ഒരു 'കിറിമി'! ഇതുകൊണ്ടൊക്കെ എന്തോ നേട്ടമാണെന്നെനിക്കറിഞ്ഞൂടാ. വല്ലവരേയും തീറ്റിപ്പോറ്റാനായിങ്ങനെ കൈയ്യിലിരിക്കുന്ന കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെ".

ഞാന്‍ ഉള്ളാലെ ചിരിക്കാറേയുള്ളൂ. കാരണം അടുത്ത തവണയും ഇതുതന്നെ അദ്ദേഹം പറയുമെന്നറിയാവുന്നതിനാല്‍. പക്ഷേ ഞാന്‍ ഒരിക്കലും നെല്‍കൃഷി നിരുത്സാഹപ്പെടുത്താറില്ല കാരണം എനിയ്ക്കോ അതു ചെയ്യാന്‍ കഴിയുന്നില്ല പിന്നെ കഷ്ടപ്പെട്ടും നഷ്ടം സഹിച്ചും അതുചെയ്യുന്നത്‌ ഒരു സാമൂഹ്യ സേവനമായി ഞാന്‍ കാണുന്നു. അത്രയും നെല്ല് എന്റെ നാടിനുവേണ്ടി ഉത്‌പാദിപ്പിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍! മാത്രവുമല്ല ശീരം അനങ്ങി ജോലിചെയ്യുന്നതിനാല്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനെങ്കിലും ഉതകുമെന്നതിനാലും ഞാന്‍ ഇതിനെ കാര്യമായി എതിര്‍ക്കാറുമില്ല. എങ്കിലും ചിലപ്പോള്‍ ചങ്കു തകരാറുണ്ട്‌ ചില സന്ദര്‍ഭങ്ങളില്‍ ആവിഷമം കാണുമ്പോള്‍. കൊയ്ത്ത്‌ അടുക്കുമ്പോള്‍ പാടത്ത്‌ മുക്കൂലി ചിലവുചെയ്തുണ്ടാക്കിയ നെല്ല് വിളഞ്ഞുകിടക്കുമ്പോള്‍, അത്‌ കൊയ്യാനാളെക്കിട്ടാതെ വിഷമിക്കുമ്പോള്‍, അതിനായി വെരുകിനേപ്പോലെ ഓടി നടക്കുന്നതുകാണുമ്പോള്‍, നാളെയുങ്കിലും കൊയ്യണം എന്നു കരുതി വെട്ടം വീഴുന്നതിനുമുന്‍പ്‌ ആള്‍ക്കാരെ അന്വേഷിച്ച്‌ ഓടുമ്പോള്‍, "ഇന്നും ആളെക്കിട്ടിയില്ല ഞയറാഴ്ചയാകട്ടേന്നു പറഞ്ഞു(തൊഴിലി പ്പെണ്ണുങ്ങള്‍) അന്നേയുള്ളുപോലും അണ്ടിയാപ്പീസിനവധി!" പലപ്പോഴും ഈ ഞയറാഴ്ചകള്‍ അനന്തമായി നീളുമ്പോള്‍ നെല്ലെല്ലാം പാടത്തു വീണടിഞ്ഞ്‌ അങ്ങനെ നശിക്കുന്നതുകാണുമ്പോള്‍ ഒരു കര്‍ഷകനുണ്ടാകുന്ന സങ്കടം അത്‌ എനിയ്ക്കറിയാം. പിന്നെ വല്ല വിധേനയും അതു കൊയ്ത്‌ കണ്ടത്തിലിട്ടാല്‍ തന്നെ (പണ്ടൊക്കെ കൊയ്തുകാര്‍ തന്നെ കറ്റ ചുമന്ന് വീട്ടിലെത്തിക്കുമായിരുന്നു)ആളെ നിര്‍ത്തി (അതിന്‌ ആളെവിടെ?) ചുമന്നു വീട്ടുമുറ്റത്തെത്തിച്ചാല്‍ അതവിടെയിരുന്ന് കിളിര്‍ക്കും! പിന്നെ മെതിയെന്ത്രം സ്വന്തമായുള്ളതിനാല്‍ രാത്രിയും പകലുമായി അവര്‍ രണ്ടുപേരും ഉറക്കം പോലുമില്ലാതെ കറ്റമെതിക്കലാണ്‌. കൂലിക്കാരെ കാലുപിടിച്ച്‌ ഒന്നോ രണ്ടോ ദിവസം പകല്‍ കിട്ടിയാല്‍ തന്നെ മെതിച്ചു കഴിഞ്ഞിട്ടുണ്ടാകില്ല.അവരുടെ പ്രായത്തില്‍ നാട്ടിലാരും ഈപണി ചെയ്യുന്നില്ലല്ലോ എന്നാലോചിക്കുമ്പോള്‍ സങ്കടം തോന്നുമെങ്കിലും അവര്‍ ചെയ്യുന്നത്‌ ഒരു പുണ്യമാണെന്ന് കരുതി സമാധാനിക്കും. ദൂരെയുള്ള നിലങ്ങളില്‍നിന്നും കറ്റ ആദ്യം തലച്ചുമടായും പിന്നെ ലോറിയിലും കൊണ്ടുവരികയും വേണം. ഇതിനൊക്കെ പണച്ചിലവിനേക്കാളുപരിയായി ക്ഷമയും സഹനശക്തിയും, തൊഴിലാളികളുടെ യഥാസമയമുള്ള ലഭ്യതയും സഹകരണവും ഇല്ലാതെ കഴിയില്ല തന്നെ. കൃഷി നഷ്ടമാകുന്നത്‌ ഇതൊക്കെ കൊണ്ടാണ്‌. അല്ലതെ മണ്ണോരിക്കലും ഞങ്ങളെ ചതിച്ചിട്ടില്ല.

കൊയ്തുമെതിച്ച്‌ അതുണക്കി തൂറ്റി ചപ്പും പൊടിയും വേര്‍തിരിച്ച്‌ നെല്ലും പതിരും വേര്‍തിരിച്ച്‌ ചാക്കില്‍ കെട്ടിവെച്ചാല്‍ അറ്റുത്ത മനോവിഷമം തുടങ്ങുകയായി. നാട്ടില്‍ നെല്ലെടുക്കാനാളില്ലാതായി. പണ്ടൊക്കെ വിത്തിടുമ്പോള്‍ അല്ലെങ്കില്‍ നടുമ്പോള്‍ തന്നെ 'കുഞ്ഞേ ഇപ്രാവശ്യം നെല്ലിഞ്ഞ്‌ തരണേ' എന്ന അപേക്ഷയുമായി പിറകേ നടന്നിരുന്ന 'കീച്ചാടി കുത്ത്‌' കാരായ കാര്‍ന്നോന്മാരെ കാണാനില്ല, അവരെല്ലാം ഉണ്ടോ അതോ അവരുടെ കാലം കഴിഞ്ഞുപോയോ എന്ന് വിഷമത്തോടെ ഓര്‍ക്കും. ഇന്ന് നെല്ല് എന്റെ പിതാവിന്റെ ഭാഷയില്‍ 'ചൗക്കലായി, നായിക്കും വേണ്ടാതായി' കുട്ടനാട്ടിലൊക്കെ കാര്‍ഷിക പാക്കേജോ അല്ലെങ്കില്‍ മറ്റു പലതോ ഒക്കെയായി എന്തെങ്കിലുമൊക്കെ സഹായം ലഹിക്കുമായിരിക്കും അല്ലെങ്കില്‍ സര്‍ക്കാര്‍ സംഭരിക്കുമായിരിക്കും, പക്ഷേ കുട്ടനാട്ടുകാരല്ലാത്ത ഓണാട്ടുകരയിലെ ഇന്നും നെല്‍കൃഷി ചെയ്യുന്ന പാവം കര്‍ഷകര്‍ എന്തു ചെയ്യാന്‍? എങ്കിലും ഞാന്‍ കൃഷിയെ ഒരിക്കലും തള്ളി പറയില്ല. എന്റെ പൂര്‍വ്വ പിതാക്കളെ അന്നമൂട്ടിയ അതേതൊഴില്‍ തന്നെയായിരിക്കാം നാളെ ഒരു പക്ഷേ എന്റെ വരും തലമുറയ്ക്കും ആശ്രയമായേക്കവുന്നത്‌ എന്ന ഒരു തോന്നല്‍ ഉള്ളിലെവിടെയോ!

അതുകൊണ്ടു തന്നെ കൂട്ടുകൃഷിക്കാരായ പലരും കളം വിട്ട്‌ പാടങ്ങള്‍ വിറ്റുകളയുകയോ, നികത്തി മറ്റു പലതു ചെയ്യുകയോ നികത്തി മറ്റു കൃഷികളിലേക്കു തിരിഞ്ഞപ്പോഴും, എന്നെങ്കിലും പിള്ളാര്‍ക്ക്‌ പാടത്തിറങ്ങേണ്ടി വരുന്ന ഒരവസ്ഥയുണ്ടായാല്‍ അന്ന് പാടമില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ഒരു തോന്നലില്‍ എന്റെ പിതാവ്‌ നിലം വില്‍ക്കാനോ, മണ്ണെടുത്ത്‌ കുഴിക്കാനോ, നികത്തി തെങ്ങുന്തൈ വെയ്കനോ തയ്യാറയില്ലെന്നത്‌ ഞാന്‍ സന്തോഷത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നു. പക്ഷേ അതിന്റെ പേരില്‍ ഒരുഗുണവും ഇതുവരെയുണ്ടായിട്ടില്ല.അല്ല വേണമെന്നില്ല, അതുപ്രതീക്ഷിച്ചല്ലല്ലോ അദ്ദേഹം ഒരു കൃഷിക്കാരനായത്‌! നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ അതിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന ഒരു കൃഷിവകുപ്പും അതിനായി ഒരു മന്ത്രിയും, കോടികള്‍ മുടക്കി ഇന്നുവരെ കൃഷി എന്തെന്ന് കണ്ടിട്ടില്ലാത്ത പക്ഷേ 'കൃഷി' മാത്രമറിയാവുന്ന കുറേ ഉദ്യോഗസ്ഥരുമുള്ള ഒരു വകുപ്പ്‌ ഇവിടെയുണ്ടെന്നറിയുന്നതു തന്നെ രോമാഞ്ചജനകമാണ്‌!

വെട്ടിനിരത്തുകയുമൊന്നും വേണ്ടാ, പകരം ഏക്കറുകണക്കിന്‌ പാടശേഖരങ്ങള്‍ ഇന്നും കാടുപിടിച്ച്‌ നശിച്ചു കിടക്കുന്നു ഞങ്ങളുടെ നാട്ടില്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കരിന്‌ ധൈര്യമുണ്ടോ അതേറ്റെടുത്ത്‌ നെല്‍കൃഷിയിറക്കി അരിവില നാട്ടില്‍ പിടിച്ചു നിര്‍ത്താന്‍? അല്ലെങ്കില്‍ നെല്‍കൃഷി ഭീമമായ നഷ്ടം സഹിച്ചും നടത്തിക്കൊണ്ടുപോകുന്നവരെ വിത്തും വളവും നല്‍കി സമയത്തിന്‌ സഹായിച്ച്‌ നെല്ല് കൃഷിക്കാര്‍ക്ക്‌ നഷ്ടം വരാത്തവിധത്തില്‍(അതു കിടന്നു കിളിര്‍ത്ത്‌, നാശമായി പോയി കഴിയുമ്പ്പോഴല്ല) സംഭരിച്ച്‌ സൂക്ഷിക്കാനും തയ്യാറുണ്ടോ? ഉണ്ടെങ്കില്‍ അരിവില കുറയും തീര്‍ച്ച! അതിനുപകരം എവിടെയെങ്കിലും ഒന്നോരണോ തുണ്ടു പാടത്ത്‌ അയല്‍ക്കൂട്ടമെന്നൊക്കെ പ്രഹസനം നടത്താനും പത്രത്തില്‍ പടം വരുത്താനും വേണ്ടി നിലം ഏറ്റെടുത്ത്‌ കൃഷിയിറക്കി എന്നൊക്കെ തലക്കെട്ടുകള്‍ സൃഷ്ടിച്ചതുകൊണ്ടുമാത്രം കാര്യമായില്ല.

ഇവിടെയിപ്പോള്‍ 30%മൊന്നും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.അരിവില അങ്ങനെ കൂടട്ടെ, കൂടിക്കൂടി കിലോയ്ക്ക്‌ 100 രൂപ വെരെയാകട്ടെ! ഇത്‌ അല്‍പം സ്വാര്‍ത്ഥതയാണെന്നറിയാമെങ്കിലും അങ്ങനെയെങ്കിലും കേരളത്തില്‍ നെല്‍കൃഷിക്ക്‌ മാന്യമായ സ്ഥാനവും, താല്‍പര്യവും, അതിനായി തൊഴിലാളികളേയും കിട്ടട്ടെ! എന്നിട്ടുവേണം കമ്പ്യൂട്ടറൊക്കെ വലിച്ചെറിഞ്ഞിട്ട്‌ പാടത്തെ ചെളിയിലേക്കൊന്നെടുത്തു ചാടാന്‍!

8 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

അരിവില അങ്ങനെ കൂടട്ടെ, കൂടിക്കൂടി കിലോയ്ക്ക്‌ 100 രൂപ വെരെയാകട്ടെ! ഇത്‌ അല്‍പം സ്വാര്‍ത്ഥതയാണെന്നറിയാമെങ്കിലും അങ്ങനെയെങ്കിലും കേരളത്തില്‍ നെല്‍കൃഷിക്ക്‌ മാന്യമായ സ്ഥാനവും, താല്‍പര്യവും, അതിനായി തൊഴിലാളികളേയും കിട്ടട്ടെ! എന്നിട്ടുവേണം കമ്പ്യൂട്ടറൊക്കെ വലിച്ചെറിഞ്ഞിട്ട്‌ പാടത്തെ ചെളിയിലേക്കൊന്നെടുത്തു ചാടാന്‍!

സുഹൃത്ത് said...

അരി കിലോയ്ക്ക് 100 രൂപ...!!!

ഇത് അല്പം സ്വാര്‍ത്ഥതയൊന്നുമല്ല ഷാനവാസേ... ഒരൊന്നൊന്നര സ്വാര്‍ത്ഥത തന്നേണ് :)

എന്തായാലും വെഷമിക്കേണ്ട... ഈ നെലക്ക് പോയാല്‍ അടുത്ത് തന്നെ അതാവും... ലോക വ്യാപകമായി എല്ലാ മേഖലകളിലും വിലക്കയറ്റം അനുഭവപ്പെടുമ്പോള്‍ അരിവില മാത്രം എങ്ങിനെ പിടിച്ച് നിറുത്താന്‍ കഴിയും!

മിനീസ് said...

അതെ, അങ്ങനെ തന്നെ വേണം... എനിക്കിഷ്ടമായി ഈ കുറിപ്പ്. നെല്‍കൃഷി നികത്തി റിസോര്‍ട്ട് കൃഷി നടത്താനും ഡോളര്‍ കൊയ്യാനുമെല്ലാം ഇവിടെ ആളുണ്ട്. പാവം കര്‍ഷകന്‍ പാഠം മൂടാനോ കൃഷി ഇറക്കാനോ കഴിയാതെ മേലോട്ടു നോക്കുന്നു. ഒരു മിനിമം ഗാരണ്ടീ എങ്കിലും കൊടുത്തു നെല്‍കൃഷി കേരളത്തില്‍ എല്ലായിടത്തും പ്രോല്സാഹിപ്പിക്കേണ്ടത് തന്നെ. ഇല്ലെന്കില്‍, പതിയെപ്പതിയെ കേരളത്തിലെ അരിവില മറ്റു രാജ്യക്കാരും സംസ്ഥാനങ്ങളും നിര്‍ണയിക്കുന്ന സ്ഥിതി വരും.

ഒരു “ദേശാഭിമാനി” said...

തൊഴിലില്ലാതെ അലഞ്ഞുനടക്കുന്ന ആയിരങ്ങളെ ഇവിടെകാണാം. തൊഴിലില്ലായ്മാ വേദനം വാ‍ങ്ങിയ കാശു പാണ്ടിപിള്ളേര്‍ക്കു പണിക്കുലി കൊടുക്കുന്നതും നമ്മുടെ നാട്ടില്‍! അന്നം മുട്ടിയാലും
മാനം കളയരുതേ! പാടത്തു പണിയുന്നതും, ചാണകം വാരുന്നതും ഒക്കെ നമ്മള്‍ “അഭ്യസ്ഥ വിദ്യരായ” അവിവേകികള്‍ക്കു പറഞ്ഞതാണോ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുഹൃത്തെ നന്ദി. അല്‍പം കടന്ന ആഗ്രഹമാണെങ്കിലും ആഗ്രഹിക്കാതെ വയ്യ. റബറിനും, കുരുമുളകിനും എലത്തിനും, കാപ്പിയ്ക്കുമെല്ലാം വില്‍ക്കൂടുതല്‍ കിട്ടണം പക്ഷേ നാളീകേരത്തിനും വെളിച്ചെണ്ണയ്ക്കും, നെല്ലിനും അത്‌ പാടില്ലെന്ന യുക്തിക്ക്‌ നിരക്കാത്ത മലയാളികളുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ മാറിയേ തീരൂ. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ മാറ്റപ്പെടും. കണ്ട വയലെല്ലാം വിമാനത്താവളത്തിനും, സ്മാര്‍ട്ട്‌ സിറ്റിയ്ക്കും, പുതിയ കണ്‍സ്ട്രക്ഷന്‍ മാഫിയായ്ക്കും തീറെഴുതി ആന്ദ്രായിലേക്കും കര്‍ണാടകത്തിലേക്കും വായിനോക്കിയിരുന്നാല്‍ എന്നെന്നും അരികിട്ടുമെന്ന ധാരണ തിരുത്തപ്പെടണം. പാടത്ത്‌ പണിയെടുക്കുന്നതിന്‌ മാന്യത കിട്ടണമെങ്കില്‍ അതിന്‌ അര്‍ഹിക്കുന്ന പരിഗണന കിട്ടിയെതീരൂ. നെല്ലിന്‌ അരിയുടെ മാര്‍ക്കറ്റിനനുസരിച്ച്‌ വിലയും കിട്ടണം. കാര്‍ഷിക യന്ത്രവത്‌കരണത്തിന്‌ സര്‍ക്കാര്‍ കയ്യയച്ച്‌ സഹായിക്കണം. നാണ്യവിളകള്‍ക്ക്‌ നല്‍കുന്ന സബ്സിഡികള്‍ നെല്‍കൃഷിക്കും നല്‍കി അതിനെ സംരക്ഷിക്കണം.അങ്ങനെ നടക്കാത്ത ആഗ്രഹങ്ങളുടെ പട്ടിക ഏറെയുണ്ട്‌.

മിനീസ്‌,നന്ദി. താങ്കള്‍ പറഞ്ഞതുപോലെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ അടിയന്തിരമായി സര്‍ക്കര്‍ ഇടപെടണം. നാളെ ഇതേരീതിയില്‍ ആന്ത്രാപ്രദേശിലും തമിഴ്‌നാട്ടിലും നെല്‍കൃഷി കുറഞ്ഞാല്‍ അവര്‍ ആദ്യം അവരുടെ കാര്യം നോക്കും പിന്നേയുള്ളൂ കേരളത്തിലേക്കുള്ള കയറ്റുമതി.

ദേശാഭിമാനി, നന്ദി. തൊഴില്ലായ്മവേതനം വാങ്ങി പാണ്ടിപ്പിള്ളാര്‍ക്ക്‌ കൊടുക്കട്ടെ. പാടത്തിറങ്ങുകയേ വേണ്ട. അരി വന്ന് താനേ വായിലേക്ക്‌ കയറിക്കൊള്ളുമെന്ന് വിചാരിച്ച്‌ അങ്ങനെ കണ്ണുമടച്ച്‌ കഴിയാം നമുക്ക്‌.

ഉമ്മന്‍ ചാണ്ടി വലിയ ഒരു കണ്ടുപിടുത്തം നടത്തി, അതായത്‌ സര്‍ക്കാര്‍ വിചാരിച്ചാല്‍ അരിവില കിലോയ്ക്ക്‌ അമ്പതു പൈസ കുറയ്ക്കാമത്രേ! അതുമൂലം ഓരോ കുടുംബവും പത്തുരൂപയ്ക്ക്‌ താഴെ ഒരു മാസം ലാഭിക്കാനും കഴിയും( ആവറേജ്‌ 20 കിലോ അരി ഒരു മാസം ഉപയോഗിക്കുന്നവര്‍ക്ക്‌!) എന്താ വന്‍ നേട്ടമല്ലേ? ദേ പെട്രോളിനും ഡീസലിനും വില കൂടാന്‍ പോകുന്നു, അപ്പോള്‍ വിലക്കയറ്റം ഇനിയും പ്രതീക്ഷിക്കാം.

Friendz4ever // സജി.!! said...

അതെ, അങ്ങനെ തന്നെ വേണം... എനിക്കിഷ്ടമായി ഈ കുറിപ്പ്.
കര്‍ഷകനെ കാണാന്‍ മാത്രം ഇവിടെ ആരുമില്ലാ .

ഹരിശ്രീ said...

നല്ല കുറിപ്പ്

ഷാനവാസ്‌ ഇലിപ്പക്കുളം said...

സജീ, ഹരിശ്രീ നന്ദി:)