Monday, February 4, 2008

ഹരികുമാറും, ഞാനും,കുറെ കമന്റുകളും

കഴിഞ്ഞ രണ്ടുദിവസത്തെ ചില കമന്റുകള്‍ സ്വരൂപിച്ചത്‌.
സുകുമാരേട്ടാ, ഞാന്‍ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്‌ താങ്കള്‍. ഹരികുമാരിന്റെ ബ്ലോഗുകളോ, കലാകൗമുദിയില്‍ അച്ചടിച്ചു വരുന്ന അദ്ദേഹത്തിന്റെ സൃഷ്ടികളോ ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാന്‍ കമന്റും ഇട്ടിട്ടില്ല. അദ്ദേഹം എഴുതിയതെന്തെങ്കിലും ആദ്യമായി വായിച്ചത്‌ അഞ്ചല്‍ക്കാരന്‍ ഇട്ട പോസ്റ്റിലെ സ്കാന്‍ ചെയ്ത പേജാണ്‌. എന്നാല്‍ സ്ഥിരമായിട്ടല്ലെങ്കിലും, ലാപുടയേയും, വിത്സന്റേയും ബ്ലോഗുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. എനിക്ക്‌ ബൂലോകത്തിലെ മെംബര്‍ഷിപ്പുമില്ല, പക്ഷേ ആ പേജുകളില്‍ ഹരികുമാര്‍ യാതൊരടിസ്ഥാനവുമില്ലാതെ, ലാപുട,ഹേമ,ചിത്രകാരന്‍ എന്നീ ഊരും പേരുമൊന്നുമില്ലാത്ത ബ്ലോഗര്‍ ഐഡികള്‍ തെറിവിളിക്കാനായി മാത്രം ഉണ്ടാക്കിയതാണെന്ന് എഴുതുകയും, സ്വയം അവതാരികയെഴുതി കവിതയെഴുതാന്‍ അറിയുന്നവനെന്ന് അംഗീകരിച്ച വിത്സനെക്കുറിച്ച്‌ തനിക്ക്‌ അനുകൂലമായി കമന്റിടാത്തതിനാല്‍ 'ഒരുവരിയെങ്കിലും നേരേചൊവ്വേ എഴുതാനറിയാത്ത..' എന്നര്‍ത്ഥത്തില്‍ പറയുകയും ചെയ്തപ്പോള്‍ അതു പ്രസിദ്ധീകരിച്ച കൗമുദിയേക്കാളും ഉള്ളതുപറയാമല്ലോ എനിക്ക്‌ ദേഷ്യം തോന്നിയെന്നത്‌ മറച്ചുവെക്കാന്‍ കഴിയാത്ത സത്യം മാത്രമാണ്‌. അതുകൊണ്ടാണ്‌ ആവിഷയത്തെക്കുറിച്ചുള്ള എന്റെ കമന്റില്‍ അദ്ദേഹത്തെ ശക്തമായി തന്നെ വിമര്‍ശിച്ചത്‌.അതില്‍ എനിക്ക്‌ തെല്ലും ദു:ഖമില്ല. പറയാനുള്ളത്‌ ആരുടെനേര്‍ക്കായാലും സത്യസന്ധമായി പറയുക എന്നത്‌ എന്റെ ശീലമാണ്‌. അതിന്റെ പേരില്‍ ധാരാളം നല്ല സുഹൃത്തുക്കളെ പലപ്പോഴും വിഷമിപ്പിച്ചിട്ടുമുണ്ട്‌. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചിലര്‍ക്കുവേണ്ടി, ഇന്നുവരെ കണ്ടിട്ടില്ലാത്ത ഹരികുമാറിനെ വിമര്‍ശിച്ചതും അതുപോലെ തന്നെ.താങ്കള്‍ ഈ പറഞ്ഞ രാജേഷ്‌ ഒന്നുകില്‍ വ്യത്യസ്തതകൊണ്ട്‌ ശ്രദ്ധനേടാന്‍ ശ്രമിച്ചു അല്ലെങ്കില്‍ ഹരികുമാറിനോടുള്ള വ്യക്തിബന്ധം അന്ധമായി അദ്ദേഹത്തെ പിന്താങ്ങാന്‍ ശ്രമിച്ചു എന്നത്‌ നിഷ്പക്ഷമായി നോക്കുന്ന ഏതൊരാള്‍ക്കും തോന്നേണ്ടതാണ്‌. അല്ലെങ്കില്‍ ഹരികുമാറിന്റെ ലാലുടയേയും വിത്സനേയുമൊക്കെ അപഹസിച്ചതില്‍ എന്തുകൊണ്ട്‌ ഈ രാജേഷ്‌ ഒരഭിപ്രായവും പറഞ്ഞുകണ്ടില്ല? അല്ലെങ്കില്‍ ലാപുട എന്ന ഐഡി തെറിപറയാന്‍ ഉണ്ടാക്കിയതാണെന്നുള്ള ഹരികുമാറിന്റെ ആക്ഷേപത്തോടുള്ള 'രാജേഷി'ന്റെ അഭിപ്രായംവ്യക്തമാക്കട്ടെ. ഏതായാലും ഞാന്‍ ഇക്കാര്യത്തില്‍ പക്ഷപാതിയാണ്‌(ഹരികുമാറിനോടൊപ്പമല്ല). ഭൂരിപക്ഷം എങ്ങനെയെന്നുനോക്കി അഭിപ്രായം പറയുന്ന സ്വഭാവവും എനിക്കില്ല. പക്ഷേ പറയാനുള്ളത്‌ പറഞ്ഞാല്‍ കഴിഞ്ഞു. അത്രതെന്നെ, പിന്നെ അത്‌ മനസ്സില്‍ ചുമന്നുകൊണ്ട്‌ നടക്കുന്ന സ്വഭാവവും എനിക്കില്ല. ചിലപ്പോള്‍ നാളെ ഹരികുമാര്‍ തന്നെ നാളെ എനിക്കിഷ്ടപ്പെട്ട ഒരു പോസ്റ്റിട്ടാല്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു എന്നും വരും. അതുപോലെ തന്നെ എനിക്കിഷ്ടപ്പെട്ടതായാലും അല്ലെങ്കിലും മറ്റൊരാളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനെ ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു. താങ്കള്‍ക്ക്‌ ശരിയെന്ന് തോന്നുന്നത്‌ താങ്കള്‍ പറയുക. അത്‌ ഇനി എനിക്ക്‌ യോജിക്കാനാകാത്തതായാല്‍ പോലും, അതു പ്രകടിപ്പിക്കാനുള്ള താങ്കളുടെ അവകാശത്തോടൊപ്പം ഞാന്‍ ഉണ്ടാകും. സ്നേഹാദരങ്ങളോടെ,
മഹീ, അപ്പുവേട്ടന്‍ ചോദിച്ച ചോദ്യത്തിന്‌ അടിവരയിടുന്നു. ഇത്രമനോഹരമായി പ്രണയത്തെ വാക്കുകളിലൂടെ വരയ്ക്കാന്‍ കഴിയണമെങ്കില്‍ താങ്കളും പ്രണയിച്ചിരിക്കണം, അല്ലെങ്കില്‍ പ്രണയിക്കുന്നു?. അമ്മയോട്‌ പറയണോ? ;).'അനു ഭൂതി' ഒറ്റവാക്കാക്കുക. പിന്നെ 'സൂര്യ താപങ്ങള്‍' എന്നത്‌ ഒരു തിരോന്തരം എഫക്റ്റ്‌ കൊടുത്തതാണോ? സൂര്യ താപമല്ലേ കുറേക്കൂടെ നല്ലത്‌? പിന്നെ 'ആഴി തിരകള്‍പോലെ നിഗൂഡമാം' സ്പെല്ലില്‍ംഗ്‌ ചെക്ക്‌ ചെയ്യുക, എന്റെ ഊഹം 'നിഗൂഢത' ആയിരിക്കാമെന്നണ്‌, നല്ല ഉറപ്പില്ല! പിന്നെ, മഹീ കവിത നന്നായിരിക്കുന്നു.താങ്കള്‍ക്ക്‌ ലളിതമായ, മനുഷ്യനു മനസ്സിലാകുന്ന വരികളെഴുതാന്‍ കഴിവുണ്ട്‌. എഴുതിയെഴുതി തെളിയുക. 'തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും, വാച്ചിടും കല്ലുകള്‍...' എന്നാണല്ലോ.
മഹീ ഒരു സംശയം, തുലാം മാസത്തില്‍ ഇടിവെട്ടുമോ? ഇടവപ്പാതിയിലല്ലേ തകര്‍പ്പന്‍ ഇടി വെട്ടി മഴപെയ്യുന്നത്‌? തുലാവര്‍ഷം അങ്ങനെ നിന്നു പെയ്യുകയല്ലേ തുള്ളി മുറിയാതെ? രണ്ടുമാസത്തെ വലിയ അവധി (മീനം,മേടമാസം) കഴിഞ്ഞ്‌ വരുന്ന ഇടവപ്പാതിയിലല്ലേ ഇടിയുടെ പൂരം? പണ്ട്‌ ഇടി വെട്ടുമെന്ന പേടി കൂടാതെ തുലാവെള്ളത്തിന്‌ ചാടി വീഴുന്ന വരാല്‍ മത്സ്യത്തെ പിടിക്കാനും, വലവീശുന്നതു കാണാനും പോയിട്ടുള്ളതായി ഓര്‍മ്മവരുന്നു.സത്യം പറഞ്ഞാന്‍ ഇന്നും ഇടിവെട്ടുന്നത്‌ പേടിയാണ്‌ കേട്ടോ. പിന്നെ 'ചിത്ര ശലഭം' എന്ന സിനിമയിലെ ഒരു ഗാനത്തില്‍ 'ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും, മാനം ചിരിയുതിര്‍ക്കും, മിന്നലാല്‍ മാനം ചിരിയുതിര്‍ക്കും...' എന്നും കേട്ടിരുന്നു. ചിലപ്പോള്‍ തുലാവര്‍ഷ മേഘങ്ങളും ഇടിയുണ്ടാക്കുമായിരിക്കും അല്ലേ :)? ഏതായാലും കുട്ടിക്കവിത നന്നായിരിക്കുന്നു കേട്ടോ
ഗീതാഗീതികള്‍, നന്ദി സംശയം ദൂരീകരിച്ചതിന്‌. മഹീ ചോദ്യം പിന്‍വലിച്ചിരിക്കുന്നു. :)

ടീച്ചറേ,ആദ്യമായാണിവിടെ. സ്ത്രീശബ്ദം തുടര്‍ന്നും കേള്‍ക്കട്ടെ. നാസറിന്റെ കഥ നന്നായിരിക്കുന്നു. ഇതില്‍ പാവം നാസര്‍ എന്തുപിഴച്ചു? അവന്റെ ഉള്ളില്‍ കിടന്ന മദ്യവും, പിന്നെ ആ കുടുമ്മത്തില്‍ പിറന്നവളുടെ തുടയും കൂടി അവന്റെ കെട്ടുപൊട്ടിച്ചതല്ലേ? പാവം നാസര്‍! ഏതായാലും പൊട്ടീര്‌ കിട്ടാതെ രക്ഷപെട്ടത്‌ ഭാഗ്യം!:):)
അപ്പുവേട്ടാ, എനിക്കും ഇത്തരം കുട്ടിക്കവിതകളാണിഷ്ടം. വായിക്കാന്‍ രസവും, താളവും, മനസ്സിലാക്കാന്‍ എളുപ്പവുമുള്ള നല്ല ഒന്നാന്തരം കവിത. ഇനിയും പോരട്ടെ:)
ടീച്ചറെ എന്നെങ്കിലു കണ്ടുമുട്ടട്ടെ എന്നാശംസിക്കുന്നു. പിന്നെ കൈതമുള്ളിന്റെ അഭിപ്രായത്തിനൊരൊപ്പ്‌. ഗുരുത്വം കൊണ്ട്‌ ഒരിക്കലും ദോഷം വരില്ല.:)

"മരുഭൂമിയിലെ താറാവ്..!"

പ്രയാസീ,പൂവന്‍ താറാവിനെ കാണിച്ചിട്ട്‌, തിളങ്ങുന്ന സുന്ദരി എന്ന് വിശേഷിപ്പിച്ചതില്‍ സുന്ദരന്മരായ ആണ്‍വര്‍ഗ്ഗത്തിന്റെ ശ്ക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു! ഫെമിനിസ്റ്റുകള്‍ വല്ലവരും ഉണ്ടെങ്കില്‍ ഞാന്‍ ഓടി! താറാവുകള്‍ ഉഗ്രന്‍, കണ്ടിട്ട്‌ നാവില്‍ വെള്ളമൂറുന്നു! ( വെറുതേപറഞ്ഞതാ, പാവങ്ങള്‍). പടങ്ങള്‍ നന്നായിട്ടുണ്ട്‌. ആശംസകള്‍

"സഖീ അറിയുന്നുവോ നീ എന്നെ?"

നഷ്ടപ്പെടുന്നതെന്തും ദുഖകരം തന്നെ, പക്ഷേ ഒട്ടും ആഴമില്ലാത്ത, കേവലം പേരിനുമാത്രമുണ്ടായിരുന്ന അതും വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു സൗഹൃദം, ആസുഹൃത്ത്‌ തന്നെ മറന്നു എന്നറിയുമ്പോള്‍ ഉള്ളില്‍ ചോര പൊടിയുകയോ? അത്ഭുതം തന്നെ താങ്കളുടെ സൗഹൃദം!എന്തോ അതു ദഹിക്കുന്നില്ല.( വളരെ നീണ്ടകാലത്തെ ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ ഉണ്ടന്നുള്ള എന്റെ അഹങ്കരമാകും കാരണം) ഏതായാലും അതുകൊണ്ട്‌ നല്ല ഒരു കവിതയുണ്ടാകുന്നുവെങ്കില്‍ അതും നല്ലതുതന്നെ! പക്ഷേ മറവി, കാലം.. എല്ലാ മുറിവുകളേയും ഇല്ലാതാക്കും.

"ചില മുട്ടായി വര്‍ത്തമാനങ്ങള്‍"

“നാളെ മുതല്‍ എനിക്കു മുട്ടായി വേണ്ട..”ഇത്‌ മനസ്സില്‍ കൊണ്ടു. ഇനിയും എഴുതൂ നന്നായിരിക്കുന്നു. ആശംസകള്‍.

"ബാല്യം"

ഒരു പേരിലെന്തിരിക്കുന്നു എന്നതിനെച്ചൊല്ലി ഇപ്പോഴും പലവിധ തര്‍ക്കങ്ങള്‍ നടക്കുന്നു.പേര്‌ വലിയ ഒരു ആകര്‍ഷണ ഘടകമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു :) എഴുത്ത്‌ ഉഷാറായി നടക്കട്ടെ. സ്വാഗതം.പക്ഷേ ഒരു ഇവിടെ പലരും ഒരു കാര്യം ചൂണ്ടിക്കാണിച്ചത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ, പരസ്യം ചെയ്യലൊക്കെ കൊള്ളാം, കുറഞ്ഞപക്ഷം എവിടെയാണോ പരസ്യം ചെയ്യുന്നത്‌ അവിടുത്തെ ആ പോസ്റ്റ്‌ ഒന്നു വായിച്ചുനോക്കാനോ,അതിനെപ്പറ്റി ഒരക്ഷരമെങ്കിലും പറയാനോ മിനക്കെടാതെ പരസ്യമൊട്ടിക്കുന്നത്‌ ആര്‍ക്കും അത്ര താല്‍പര്യമുണ്ടാക്കുന്ന ഒന്നല്ല. അല്ലെങ്കില്‍ ഓഫ്‌ ടോപ്പിക്കാണ്‌ പറയുന്നതെന്ന് പറയാനോ ഉള്ള ഒരു സാമാന്യ മര്യാദ കാണിക്കുന്നത്‌ നല്ലതായിരിക്കും. പുതിയതായി വരുന്ന ആള്‍ക്കാരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു എന്നൊന്നും പരാതികേള്‍ക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ്‌ എല്ലാവരും സൗമ്യമായി ഇക്കാര്യം പറഞ്ഞത്‌. ശ്രദ്ധിക്കുമെന്നു കരുതുന്നു.എന്റെപോസ്റ്റിനിട്ട ആ കമന്റ്‌, പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഞാന്‍ അങ്ങു ഡിലീറ്റുന്നു.

"ഓസിനു കിട്ടിയ ആസിഡ്"

ഇത്‌ കൊള്ളാം. വെറുതേ കിട്ടുന്നതൊന്നും വാങ്ങി പോക്കറ്റിലിടരുത്‌. അതു ചിലപ്പോള്‍ വേലിയിലിരിക്കുന്ന പാമ്പിന്റെ സ്വഭാവം കാണിക്കും. നല്ല ഓര്‍മ്മപ്പെടുത്തല്‍. കിട്ടാനുള്ളത്‌ കിട്ടിയില്ലെങ്കില്‍ എന്നൊരു ചൊല്ലുണ്ട്‌!

"ഇതൊന്നു നോക്കൂ..."

നന്ദാ, ഇതു കൊള്ളാമല്ലോ തകര്‍പ്പന്‍ സംഭവം തന്നെ. ഭാര്യവീട്‌ കൊല്ലത്തായതിനാല്‍ ഇനിയെനിക്ക്‌ ബാംഗളൂരില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്ര എത്രയെളുപ്പമായി! ഇതുവരെ പാലക്കാട്ടുനിന്നും തെക്കോട്ട്‌ ത്രിശ്ശൂര്‍, എറണാകുളം, ആലപ്പുഴ ഒക്കെ കഴിഞ്ഞ്‌ പോകണമായിരുന്നു.ഇനി കൊല്ലം വടക്കോട്ടു മാറ്റിയതുകാരണം വളരെ സൗകര്യമായി. ഇനി യാത്രചെയ്ത്‌ ബുദ്ധിമുട്ടേണ്ടല്ലോ. ഇതേമാതിരി ബാംഗളൂര്‍ ഒന്ന് കായംകുളത്തേക്ക്‌ മാറ്റിയിരുന്നെങ്കില്‍ വളരെ സൗകര്യമായിരുന്നു! ജോലിയ്ക്ക്‌ പോകാനും തിരിച്ച്‌ വീട്ടിലെത്താനും ഒരു സൈക്കിള്‍ മതിയായിരുന്നു! ഈ റിയല്‍ടേഴ്‌സിനോട്‌ പറഞ്ഞാല്‍ പോരേ?ഞാന്‍ ഏതായാലും ഇന്‍ഡ്യാവിഷനിലുള്ള ഒരു സുഹൃത്തിനെ വിവരം അറിയിച്ചു. താങ്കളുടെ ബ്ലോഗ്‌ ലിങ്കും കൊടുത്തിട്ടുണ്ട്‌.അവര്‍ വാര്‍ത്തയില്‍ കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു!

"ഒറ്റ നാനോ മത്തി!"

മഹീ, നിങ്ങള്‍ നനോ തന്നെ എടുക്കൂ. കൂടാതെ വീട്ടിലുള്ള എല്ലാവര്‍ക്കും ഓരോന്ന് വാങ്ങി കൊടുക്കൂ! ഇനിയിപ്പോള്‍ വല്യ വല്യ ആള്‍ക്കാള്‍ കുട്ടികള്‍ക്ക്‌ സൈക്കിള്‍വാങ്ങിക്കൊടുക്കുന്നതിനുപകരം നാനോ ആയിരിക്കും വാങ്ങിക്കൊടുക്കുക!. എല്ലാവരും കാറുകാരാകട്ടെ! മൊബെയില്‍ ഫോണ്‍ പോലെ സാര്‍വത്രികമാകട്ടെ. രാജ്യം പുരോഗമിക്കട്ടെ. വാങ്ങുന്നുണ്ടെങ്കില്‍ അത്‌ ഏറണാകുളത്ത്‌ തന്നെ വേണം ഉപയോഗിക്കാന്‍. ആര്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ കാറുകളുടെ മുകളിലൂടെ ഓടുന്ന ഒരു സീനുണ്ട്‌, അതുപോലെ നമുടെ പിള്ളേര്‍ക്ക്‌ എം.ജി റോഡിലും , മറൈന്‍ ഡ്രൈവിലുമെല്ലാം ഭാവിയില്‍ നാനോകള്‍ക്കു മുകളിലൂടെ ഓടിക്കളിക്കാം! അങ്കവും കാണാം താളിയുമൊടിക്കാം , കച്ചവടവും നടക്കും, യാത്രയും ചെയ്യാം. ബുക്കുചെയ്യുമ്പോള്‍ എനിക്കും കൂടിയൊന്ന്!