Sunday, December 14, 2008

ഐ.ടി- സകല സാമൂഹിക തിന്മകള്‍ക്കും കാരണം!

ഇന്ന് കുറേനാളുകള്‍ കൂടി കുറച്‌ ബ്ലോഗുകള്‍ വായിച്ചു. അതില്‍ ചന്ദ്രികയിലെ ശരീഫിന്റെ ലേഖനം വായിച്ചപ്പോള്‍ ചിലതു പറയണമെന്നു തോന്നി, പറഞ്ഞു. അത്‌ ദാ ഇവിടെ!
ങ്ങനെയെങ്കിലും ഒന്ന് എഞ്ചിനീയറിംഗ്‌ കഴിചുകൂട്ടിയാ മാത്രം മതിയോ ശരീഫേ അഞ്ചക്കവും ആറക്കവുമൊക്കെ ശമ്പളമായിട്ടുകിട്ടാന്‍? ലോകം സാംസ്കാരികമായി അധ:പതിച്ചുപോയതുകൊണ്ടുമാത്രം പ്രസവിക്കാന്‍ ഭയക്കുന്ന താങ്കളുടെ പെണ്‍സുഹ്ര്ത്തിനെയോര്‍ത്ത്‌ പരിതപിക്കുന്നു, കഷ്ടം തന്നെ! ഇപ്പഴേ എവിടെയെങ്കിലും ഒന്നു കാണിക്കുന്നത്‌ നന്നായിരിക്കും. 'ഏതു സദാചാര ശിശുക്കളയാണ്‌ ഇത്രയ്ക്കും സമ്മര്‍ദ്ദത്തിലാക്കി വഴിതെറ്റിക്കുന്ന എന്തു സാഹചര്യത്തെക്കുറിച്ചാണ്‌ ശരീഫ്‌ വിലപിക്കുന്നത്‌? വഴിതെറ്റാനുള്ളവന്‍ ഒരു സാഹചര്യത്തിനും കാത്തുനില്‍കേണ്ടതില്ല. അതുപോലെ തെറ്റാത്തവന്‍ ഒരു സാഹചര്യത്തിലും തെറ്റുകയുമില്ല. ഐ.ടി രംഗവും സാങ്കേതികവിദ്യയുമൊക്കെ വളര്‍ന്നതിന്റെ ഗുണഫലംകൂടിയാണ്‌ ശരീഫ്‌ ഈപോസ്റ്റിട്ടതും ഇതുമാതിരി കമന്റുകള്‍ ഉടനടി കിട്ടുന്നതും. വെറുതേ ഐ.ടിയുമേയും സാങ്കേതികവളര്‍ച്ചയേയും തെറിപറഞ്ഞിട്ട്‌ വല്ലകാര്യവുമുണ്ടോ, കണ്ണടച്ചിരുട്ടാക്കാമെന്നല്ലാതെ?
ഏതായാലും നല്ലവണ്ണം തലമണ്ടകാഞ്ഞ്‌, ഊണും ഉറക്കവും, യവ്വനത്തിന്റെ നല്ലൊരുപങ്കുസമയവും കമ്പ്യൂട്ടറുകള്‍ക്ക്‌ മുന്‍പില്‍ ഹോമിച്ച്‌ വിദേശരാജ്യങ്ങളില്‍ നിന്നും കോടികള്‍ ഇന്‍ഡ്യയിലേക്കൊഴുക്കുന്ന കിട്ടുന്ന നൂറില്‍ 30 ഉം ഇത്തരത്തില്‍ തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കും കൂടിവേണ്ടി ടാക്സായി നല്‍കുന്ന, തൊഴിലുറപ്പില്ലാത്ത, തൊഴില്‍ അവകാശങ്ങളോ, സംഘടനകളോ ഇല്ലാത്ത, ജോലിനഷ്ടപ്പെട്ടാലോ, അപകടം സംഭവിച്ചാലോ ടാക്സ്‌ പിഴിഞ്ഞു വാങ്ങുന്ന സര്‍ക്കാരോ പോലും തിരിഞ്ഞുനോക്കാത്ത പാവം ഐ.ടി തൊഴിലാളിയെ ഉപദ്രവിക്കണോ? അവനാണോ ഈപറയുന്ന സാംസ്കാരികച്യുതിക്ക്‌ മൂല ഹേതു? അവനെ ഇത്തരത്തില്‍ ഒരു 'അഭിനവ മുതലാളിയാക്കി' ചിത്രീകരിക്കേണ്ട കാര്യമുണ്ടോ? ബാംഗളൂരാണോ ഇന്‍ഡ്യയുടെ സാംസ്കാരിക അധ:പതനകേന്ദ്രം? പണം എങ്ങനെയുണ്ടാക്കണമെന്ന് അവനറിയാമെങ്കില്‍ താമസിയാതെ തന്നെ എങ്ങനെ ചിലവഴിക്കണമെന്നുകൂടി അവന്‍ പഠിച്ചുകൊള്ളും.
മയക്കുമരുന്ന് , മദ്യം , പരസ്ത്രീ ഗമനം ഇവമൂന്നും ഐ.ടി തൊഴില്‍ മേഘല ഇന്‍ഡ്യയില്‍ വന്നതിനുശേഷം ഉണ്ടായ സാമൂഹിക വിപത്തുകള്‍ തന്നെ സംശയമില്ല! എത്രയും വേഗം ഐ.ടി രംഗം മുടിഞ്ഞാല്‍ ഈവക സാമൂഹിക വിപത്തുകള്‍ക്ക്‌ തടയിടാം. ആ ഒരു സാമൂഹിക നന്മയെ ലക്ഷ്യമിട്ടാണല്ലോ നമ്മുടെ സാമൂഹിക പരിഷ്കരണ സംഘടകള്‍ ഇപ്പോള്‍ ഐ.ടി , വ്യവസായ തലസ്ഥാനങ്ങളില്‍ പടക്കം പൊട്ടിച്‌ ഇത്തരം സാമൂഹിക തിന്മകളില്‍ നിന്നും ആളെയകറ്റാന്‍ പാടുപെടുന്നത്‌! ഈലിസ്റ്റിലെ ആദ്യത്തെ ഇനമായ മയക്കുമരുന്ന് (കറപ്പ്‌) ഏറ്റവും കൂടുതല്‍ ക്ര്ഷിചെയ്യുകയും , അങ്ങനെ കിട്ടുന്ന പണമുപയോഗിച്ച്‌ (അ)സാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന താലിബാനാകട്ടെ നമുക്ക്‌ അനുകരണീയമായ മാതൃക! അപ്പോള്‍ സാങ്കേതികവിദ്യ തോക്കിന്റെയും വെടിക്കോപ്പുകളുടേയും കാര്യത്തില്‍ മാത്രം ഒതുക്കാം. യാത്രയൊക്കെ കഴുതപ്പുറത്ത്‌ മാത്രമാക്കാം. എന്നാലെങ്കിലും തീരട്ടെ ഈ നശിച്ച സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള സാമൂഹിക അധ:പതനം!