Monday, July 6, 2009

സ്വവര്‍ഗ്ഗാനുരാഗികളുടെ മതം

ചിന്തകന്റെ "സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട്?" എന്നപോസ്റ്റിനും കൂതറതിരുമേനിയുടെ സമാനവിഷയത്തിലുള്ള "135.സ്വവര്‍ഗ്ഗരതിയും മതങ്ങളും"എന്ന പോസ്റ്റിനും ഇട്ട കമന്റ്‌ ഒരു പോസ്റ്റാക്കിയപ്പോള്‍

സ്വവര്‍ഗ്ഗാനുരാഗത്തോട്‌ വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത്‌ ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത്‌ നീതിയല്ല.ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത്‌ മതവിശ്വാസികളെ ആരും തന്റെ വിശ്വാസങ്ങള്‍ക്ക്‌ എതിരായി പ്രവര്‍ത്തിക്കണമെന്ന് ഒരു നിയമവും നിര്‍ബന്ധിക്കുന്നുമില്ലല്ലോ? എന്റെ മതവിശ്വാസം അനുസരിച്ച്‌ ജീവിക്കാന്‍ എനിക്ക്‌ സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ആ വിശ്വാസത്തോടുവിയോജിപ്പ്‌ ഉള്ളവര്‍ക്കും, മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും, മതമില്ലാത്തവര്‍ക്കും, നിരീശ്വരവാദികള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപ്രത്യ മതേതര രാജ്യം അവിടുത്തെ പൗരന്മാര്‍ക്ക്‌ നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കണ്ടുകൊണ്ടുവേണം ഇത്തരം ഒരുവിഷത്തില്‍ അഭിപ്രായം പറയാന്‍.

മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ, സ്വകാര്യതയോ ഹനിക്കാത്ത, മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കാത്ത, പ്രായപൂര്‍ത്തിയായ സ്വവര്‍ഗ്ഗ പങ്കാളികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടുകൂടിയുള്ളാ ബന്ധം (അത്‌ അവരുടെ സ്വകാര്യയില്‍) ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായി കാണാത്ത നിയമത്തെ മതവിശ്വാസത്തിന്റെ പേരില്‍ എതിര്‍ക്കുന്നത്‌ ശരിയല്ല. എന്റെ വിശ്വാസത്തിന്‌ നിരക്കാത്തതൊന്നും ലോകത്ത്‌ നടക്കാന്‍ പാടില്ല എന്നുള്ള വാദത്തിനു പറയുന്ന പേരാണ്‌ അസഹിഷ്ണുത എന്നത്‌.ലോകത്തെല്ലായിടത്തുമുള്ളമനുഷ്യരേയും 'നന്നാക്കി' ക്കളയാം എന്ന് യുക്തിബോധമുള്ള ഒരു മതവിശ്വാസിയും ചിന്തിക്കുമെന്ന് കരുതുക പ്രയാസം. പ്രബോധനമാകാം, പ്രലോഭനമോ,വിശ്വാസം അടിച്ചേല്‍പിക്കലോ ഒരു യതാര്‍ത്ഥ വിശ്വാസിയുടെ മാര്‍ഗ്ഗമല്ല.ഒരുമതവും ഇത്തരം സ്വവര്‍ഗ്ഗവിവാഹങ്ങളെയോ, സ്വവര്‍ഗ്ഗ കൂടിത്താമസിക്കലുകളേയോ മതപരമായി അംഗീകരിക്കില്ലെന്നിരിക്കെ (അത്‌ ഇനി വിവാഹേതര സ്ത്രീപുരുഷബന്ധമായാലും)കേവലം നിയമങ്ങളിലൂടെ മാത്രം മനുഷ്യരെ മതങ്ങള്‍ക്കുള്ളില്‍ പിടിച്ചുനിര്‍ത്താമെന്നു കരുതുന്നതും യുക്തിയല്ല. വിശ്വസിക്കുന്നവന്‍ വിശ്വസിക്കട്ടെ അല്ലാത്തവന്‍ അവന്റെ ശരിയുമായി ജീവിക്കട്ടെ, മറ്റുള്ളവര്‍ക്ക്‌ ശല്യമാകാത്തിടത്തോളം! മറ്റുള്ളവര്‍ക്ക്‌ ഒരു ശല്യമാകുമ്പോള്‍ അത്‌ സമൂഹം കൈകാര്യം ചെയ്തുകൊള്ളും. അതിനായി നിയമങ്ങളുമുണ്ടായിക്കൊള്ളും!

നല്ലതും ചീത്തയും, ശരിയും തെറ്റുമെല്ലാം ഓരോവ്യക്തികളുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്‌ മാറുന്നു. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി തെറ്റായി മാറുന്നത്‌ അത്‌ തനിക്കോ മറ്റു വ്യക്തികള്‍ക്കോ സമൂഹത്തിനെ തന്നെയോ ദോഷകരമായി ബാധിക്കുമ്പോള്‍ മാത്രമാണ്‌. അല്ലാത്തിടത്തോളം അത്‌ അയാളുടെ (അവരുടെ) സ്വകാര്യതമാത്രമാകുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലിടപെടരുതെന്നുള്ള ന്യായമായ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊടുക്കലായി മാത്രം ഈനിയമത്തെ കണ്ടാല്‍ മതി. ഈനിയമത്തെ എന്തോ ഒരു വലിയ വിപത്ത്‌ എന്നനിലയില്‍ കാണേണ്ടകാര്യമൊന്നുമില്ല. ഈനിയമം ഒരുനിലയ്ക്കും ഒരു യതാര്‍ത്ഥ മതവിശ്വാസിയെ/ഈശ്വരവിശ്വാസിയെ/നിരീശ്വരവാദിയെ/മതേതരവാദിയെ ഏതെങ്കിലും വിധത്തില്‍ ഭയപ്പെടുത്തുന്നുവെന്ന് കരുതാനും ന്യായമില്ല! ഇത്തരത്തില്‍ സെക്സ്വല്‍ ഓറിയന്റേഷനുള്ള ആള്‍ക്കാരെ മറ്റൊരുതരം മതവിശ്വാസികളായി കണ്ടാല്‍ അവരുടെ സ്വകാര്യമായി കണ്ടാല്‍ പ്രശ്നം തീരും.

ഇതെഴുതുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടുവര്‍ഷമായിപീഢിപ്പിച്ചുകൊണ്ടിരുന്ന അഞ്ചുപ്രതികള്‍ അറസ്റ്റിലായതിന്റെ വിശദവിവരങ്ങള്‍ ടിവി യിലൂടെ കാണാനിടയായി (അഞ്ചുപ്രതികളും മുസ്ലിം നാമധാരികള്‍!). കാസര്‍കോഡാണ്‌ സംഭവം, പെണ്‍കുട്ടിയെ പ്രേമം നടിച്ച്‌ വലയിലാക്കുകയായിരുന്നുപോലും (കുറ്റപത്രം,മനോരമന്യൂസ്‌,06-07-09). ഇത്തരം മതവിശ്വാസികളാണ്‌ ഇന്ന് ഈനാടിന്റെ ശാപം. കാശുകൊടുത്തു വ്യഭിചരിക്കുന്നവനാണ്‌ എന്റെ കണ്ണില്‍ ഇവന്മാരേക്കള്‍ മാന്യന്മാര്‍. ഇത്തരം ക്രിമിനലുകളെയാണ്‌ മാതൃകാപരമായി ശിക്ഷിക്കേണ്ടത്‌.