ചിന്തകന്റെ "സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട്?" എന്നപോസ്റ്റിനും കൂതറതിരുമേനിയുടെ സമാനവിഷയത്തിലുള്ള "135.സ്വവര്‍ഗ്ഗരതിയും മതങ്ങളും"എന്ന പോസ്റ്റിനും ഇട്ട കമന്റ് ഒരു പോസ്റ്റാക്കിയപ്പോള്‍
സ്വവര്‍ഗ്ഗാനുരാഗത്തോട് വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത് മതവിശ്വാസികളെ ആരും തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കണമെന്ന് ഒരു നിയമവും നിര്‍ബന്ധിക്കുന്നുമില്ലല്ലോ? എന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ആ വിശ്വാസത്തോടുവിയോജിപ്പ് ഉള്ളവര്‍ക്കും, മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും, മതമില്ലാത്തവര്‍ക്കും, നിരീശ്വരവാദികള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപ്രത്യ മതേതര രാജ്യം അവിടുത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കണ്ടുകൊണ്ടുവേണം ഇത്തരം ഒരുവിഷത്തില്‍ അഭിപ്രായം പറയാന്‍.
മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ, സ്വകാര്യതയോ ഹനിക്കാത്ത, മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കാത്ത, പ്രായപൂര്‍ത്തിയായ സ്വവര്‍ഗ്ഗ പങ്കാളികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടുകൂടിയുള്ളാ ബന്ധം (അത് അവരുടെ സ്വകാര്യയില്‍) ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായി കാണാത്ത നിയമത്തെ മതവിശ്വാസത്തിന്റെ പേരില്‍ എതിര്‍ക്കുന്നത് ശരിയല്ല. എന്റെ വിശ്വാസത്തിന് നിരക്കാത്തതൊന്നും ലോകത്ത് നടക്കാന്‍ പാടില്ല എന്നുള്ള വാദത്തിനു പറയുന്ന പേരാണ് അസഹിഷ്ണുത എന്നത്.ലോകത്തെല്ലായിടത്തുമുള്ളമനുഷ്യരേയും 'നന്നാക്കി' ക്കളയാം എന്ന് യുക്തിബോധമുള്ള ഒരു മതവിശ്വാസിയും ചിന്തിക്കുമെന്ന് കരുതുക പ്രയാസം. പ്രബോധനമാകാം, പ്രലോഭനമോ,വിശ്വാസം അടിച്ചേല്‍പിക്കലോ ഒരു യതാര്‍ത്ഥ വിശ്വാസിയുടെ മാര്‍ഗ്ഗമല്ല.ഒരുമതവും ഇത്തരം സ്വവര്‍ഗ്ഗവിവാഹങ്ങളെയോ, സ്വവര്‍ഗ്ഗ കൂടിത്താമസിക്കലുകളേയോ മതപരമായി അംഗീകരിക്കില്ലെന്നിരിക്കെ (അത് ഇനി വിവാഹേതര സ്ത്രീപുരുഷബന്ധമായാലും)കേവലം നിയമങ്ങളിലൂടെ മാത്രം മനുഷ്യരെ മതങ്ങള്‍ക്കുള്ളില്‍ പിടിച്ചുനിര്‍ത്താമെന്നു കരുതുന്നതും യുക്തിയല്ല. വിശ്വസിക്കുന്നവന്‍ വിശ്വസിക്കട്ടെ അല്ലാത്തവന്‍ അവന്റെ ശരിയുമായി ജീവിക്കട്ടെ, മറ്റുള്ളവര്‍ക്ക് ശല്യമാകാത്തിടത്തോളം! മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകുമ്പോള്‍ അത് സമൂഹം കൈകാര്യം ചെയ്തുകൊള്ളും. അതിനായി നിയമങ്ങളുമുണ്ടായിക്കൊള്ളും!
നല്ലതും ചീത്തയും, ശരിയും തെറ്റുമെല്ലാം ഓരോവ്യക്തികളുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാറുന്നു. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി തെറ്റായി മാറുന്നത് അത് തനിക്കോ മറ്റു വ്യക്തികള്‍ക്കോ സമൂഹത്തിനെ തന്നെയോ ദോഷകരമായി ബാധിക്കുമ്പോള്‍ മാത്രമാണ്. അല്ലാത്തിടത്തോളം അത് അയാളുടെ (അവരുടെ) സ്വകാര്യതമാത്രമാകുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലിടപെടരുതെന്നുള്ള ന്യായമായ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊടുക്കലായി മാത്രം ഈനിയമത്തെ കണ്ടാല്‍ മതി. ഈനിയമത്തെ എന്തോ ഒരു വലിയ വിപത്ത് എന്നനിലയില്‍ കാണേണ്ടകാര്യമൊന്നുമില്ല. ഈനിയമം ഒരുനിലയ്ക്കും ഒരു യതാര്‍ത്ഥ മതവിശ്വാസിയെ/ഈശ്വരവിശ്വാസിയെ/നിരീശ്വരവാദിയെ/മതേതരവാദിയെ ഏതെങ്കിലും വിധത്തില്‍ ഭയപ്പെടുത്തുന്നുവെന്ന് കരുതാനും ന്യായമില്ല! ഇത്തരത്തില്‍ സെക്സ്വല്‍ ഓറിയന്റേഷനുള്ള ആള്‍ക്കാരെ മറ്റൊരുതരം മതവിശ്വാസികളായി കണ്ടാല്‍ അവരുടെ സ്വകാര്യമായി കണ്ടാല്‍ പ്രശ്നം തീരും.
ഇതെഴുതുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടുവര്‍ഷമായിപീഢിപ്പിച്ചുകൊണ്ടിരുന്ന അഞ്ചുപ്രതികള്‍ അറസ്റ്റിലായതിന്റെ വിശദവിവരങ്ങള്‍ ടിവി യിലൂടെ കാണാനിടയായി (അഞ്ചുപ്രതികളും മുസ്ലിം നാമധാരികള്‍!). കാസര്‍കോഡാണ് സംഭവം, പെണ്‍കുട്ടിയെ പ്രേമം നടിച്ച് വലയിലാക്കുകയായിരുന്നുപോലും (കുറ്റപത്രം,മനോരമന്യൂസ്,06-07-09). ഇത്തരം മതവിശ്വാസികളാണ് ഇന്ന് ഈനാടിന്റെ ശാപം. കാശുകൊടുത്തു വ്യഭിചരിക്കുന്നവനാണ് എന്റെ കണ്ണില്‍ ഇവന്മാരേക്കള്‍ മാന്യന്മാര്‍. ഇത്തരം ക്രിമിനലുകളെയാണ് മാതൃകാപരമായി ശിക്ഷിക്കേണ്ടത്.
Subscribe to:
Post Comments (Atom)
6 comments:
..മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് നീതിയല്ല.ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത് മതവിശ്വാസികളെ ആരും തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കണമെന്ന് ഒരു നിയമവും നിര്‍ബന്ധിക്കുന്നുമില്ലല്ലോ?.....
വളരെ സ്പഷ്ടമായി മാനുഷികമായ കാഴ്ച്ചാപ്പാട് അവതരിപ്പിച്ചിരിക്കുന്നു.
അന്യന്റെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറുന്നവരും,അന്യന്റെ വ്യക്തി സ്വതന്ത്ര്യത്തില്‍ മത നിയമങ്ങളുദ്ധരിച്ച് ചാടിവീഴുന്നവരും
ഒരുപോലെ കുറ്റവാളികളാണ്.നരാധമന്മാര്‍ !!!
ചിത്രകാരാ, നന്ദി.
മേല്‍ പാസ്റ്റിയ കമന്റിന് ചിന്തകന്‍ എന്നോട് ചോദിച്ച ചില മറുചോദ്യങ്ങള്‍ക്ക് എന്നാലാവും വിധം മറുപടി പറയാനുള്ള ഒരു എളിയ ശ്രമം ചുവടേ കൊടുത്തിരിക്കുന്നു:
പ്രിയ ചിന്തകാ, താങ്കള്‍ എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നതിന് എന്നാല്‍ കഴിയുന്ന മറുപടി ചുവടേ.
1.താങ്കള്‍ വ്യക്തിപരമായൊ വിയോജിക്കുന്ന കാര്യം താങ്കള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ആഗ്രഹിക്കുമോ?
ഞാന്‍ വ്യക്തിപരമായി വിയോജിക്കുന്ന കാര്യം എന്റെ ശത്രുക്കള്‍ക്കുവേണ്ടി പോലും ആഗ്രഹിക്കാറില്ല. പക്ഷേ എന്നുവെച്ച് എനിക്കിഷ്ടമില്ലാത്തകാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യാന്‍പാടില്ലെന്ന കാഴ്ചപ്പാടും എനിക്കില്ല.ഇനി അഥവാ ആരെങ്കിലും ഞാന്‍ സ്വയം ചെയ്യാനിഷ്ടപ്പെടാത്തകാര്യംചെയ്താല്‍ (അത് മറ്റാരേയും ഒരുതരത്തിലും ദോഷകരമായി ബാധിക്കാത്തിടത്തോളം)അവരെ ശിക്ഷിച്ചേ മതിയാകൂ എന്നും എനിക്ക് അഭിപ്രായമില്ല.
2. ഷാനവാസിന് ജനാധിപത്യത്തിന്റെ ഡെഫനിഷന്‍ എന്താണെന്നറിയുമോ?
ജനാധിപത്യത്തിന്റെ ഡെഫനിഷന്‍ എനിക്ക് അറിയില്ല! മാത്രവുമല്ല അടുത്ത ചോദ്യത്തില്‍ താങ്കളുന്നയിച്ച ഡെഫനിഷന്‍ ഞാന്‍ എങ്ങും നല്‍കിയിട്ടുമില്ല.
3. യോജിക്കുന്നതും വിയോജിക്കുന്നതുമായ എല്ലാപ്രവര്‍ത്തികളേയും അനുകൂലിക്കുന്നതിന്റെ പേരാണോ സഹോദരാ ജനാധിപത്യം?!
മുകളിലത്തെ ഉത്തരം ശ്രദ്ധിക്കുമല്ലോ?
4.മതവിശ്വാസം എതിരായതുകൊണ്ട് മാത്രമാണ് ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത് എന്ന് ഞാന്‍ എന്റെ പോസ്റ്റില്‍ എവിടെയെങ്കിലും പറഞ്ഞോ?
ഞാന്‍ പറഞ്ഞത് എന്റെ കാഴ്ചപ്പാടാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, എന്റെ മതവിശ്വാസം എതിരാണെങ്കിലും ഒരു ബഹുമുഖസമൂഹത്തില്‍ ഇത്തരം ഒരു നിയമത്തെ എതിര്‍ക്കുന്നത് ശരിയല്ല എന്നുതന്നെയാണതിന്റെ അര്‍ത്ഥം . പക്ഷേതാങ്കള്‍ എവിടെയെങ്കിലും അങ്ങനെ പറഞ്ഞുവെന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.
5.എന്തിനാണ് സഹോദരാ എഴുതാപ്പുറം വായിക്കുന്നത്?
മേല്‍പറഞ്ഞ ഉത്തരങ്ങളില്‍ നിന്നും ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും എഴുതാപ്പുറം വായിക്കുകയല്ലെന്നും സാമാന്യബുദ്ധിയുണ്ടെങ്കില്‍ മനസ്സിലാക്കാവുന്നതാണ്.
6. സ്വവര്‍ഗ്ഗഭോഗികളെ തൂക്കിക്കൊല്ല്ണമെന്നോ തുറങ്കിലടക്കണമെന്നോ ഇവിടെ ആരും വാദിച്ചില്ലല്ലോ?
തൂക്കികൊല്ലണമെന്നൊന്നും ആരും വാദിച്ചില്ലല്ലോ എന്ന്! അപ്പോള്‍ ഇങ്ങനെ രണ്ടു രീതിയിലല്ലെങ്കിലും ശിക്ഷിച്ചിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല(?!) (അതോ ഇതും എഴുതാപ്പുറമാണോ?)
പിന്നെ "മറ്റു വ്യക്തികള്‍ക്കോ സമൂഹത്തിനോ ശല്യമല്ലാത്ത തരത്തില്‍, തികച്ചും സ്വകാര്യ സാഹചര്യങ്ങളില്‍, പ്രായപൂര്‍ത്തിയായായ സ്വവര്‍ഗ്ഗഭോഗികള്‍ തമ്മില്‍ ധനലാഭത്തിനോ മറ്റു നേട്ടങ്ങള്‍ക്കോവേണ്ടിയല്ലാതെ(ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യഭിചാരത്തിന്റെ ഡെഫനിഷനില്‍ വരുന്നഭാഗം)ശാരീരിക ബന്ധം പുലര്‍ത്തുകയോ ഒരുമിച്ച് താമസിക്കുകയോ ചെയ്താല്‍ അതു താങ്കളെ ഏതുരീതിയിലാണ് ബാധിക്കുക? അത് തീര്‍ത്തും അവരുടെ സ്വകാര്യതയാകുമ്പോള്‍?
പണമിടപാട് കൂടാത്ത വ്യഭിചാരം ആണും പെണ്ണും തമ്മില്‍ നടത്തിയാല്‍ , അവര്‍ ഒരുമിച്ച് വിവാഹം കഴിക്കാതെ താമസിച്ചാല്‍ ഒന്നും തന്നെ (ഇന്ത്യയില്‍) കേസ് നിയമപരമായി നിലനില്‍ക്കില്ലല്ലോ? അതിനെതിരേ നിയമം വേണ്ടതല്ലേ? അപ്പോള്‍ നിയമത്തിന്റെ ഈ ഇരട്ടത്താപ്പ് ഒരു പുതിയ വിധിയിലൂടെ ഇല്ലാതാകുന്നു അത്രതന്നെ.ഇക്കാര്യത്തില്‍ നിയമം ആണിനും പെണ്ണിനും നല്‍കുന്ന സംരക്ഷണം സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വകവെച്ചുകൊടുക്കുന്നു അത്രയേയുള്ളൂ!
ഏതായാലും താങ്കളുടെയോ എന്റെയോ വീട്ടുമുറ്റത്തോ, റോഡിലോ, പൊതുസ്ഥലത്തോ വന്ന് ആരെങ്കിലും ഇതുചെയ്താല്‍ അത് സ്വവര്‍ഗ്ഗമായാലും, അല്ലാത്ത വര്‍ഗ്ഗമായാലും (നാളിതുവരെ) നിയമപരമല്ലെന്നും ശിക്ഷകിട്ടാവുന്ന തെറ്റാണെന്നും തന്നെയാണ് എന്റെ വിശ്വാസം. ഇനി നാളെ അത് നിയമാനുസൃതമാക്കിക്കളയുമെന്ന പേടിയൊന്നും എനിക്കില്ല.
(നീളം അനുവദിക്കത്തതിനാല്‍ അടുത്ത കമന്റില്‍ തുടരുന്നു...)
താങ്കളുടെ പോസ്റ്റും കമന്റുകളും ഒന്നുകൂടി വായിക്കനുള്ള ഉപദേശം സ്വീകരിച്ചു , ഒന്നുകൂടി വായിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലായവ ചുവടേ.
മനുഷ്യന്റെ വാസനകളെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പടിനോടും, അതിന്റെ ശരിതെറ്റുകളേപ്പറ്റിയുള്ള അഭിപ്രായങ്ങളോടും, മനുഷ്യ സ്നേഹത്തിനെ പറ്റിയുള്ള അഭിപ്രായങ്ങളോടും ഞാന്‍ വ്യക്തിപരമായിയോജിക്കുന്നു. അപ്പോള്‍ തന്നെ നമ്മുടെ കാഴ്ചപ്പാടില്‍ നിന്നും വിഭിന്നമായി അതിനെക്കാണുന്നവരുണ്ടെന്നും അംഗീകരിക്കുന്നു.
7. താങ്കളുടെ കമന്റിലെ ചോദ്യം:കുളക്കടവിലെ യുവതിയെക്കുറിച്ച് താങ്കള്‍ക്കെന്താണ് മനസ്സിലായത്?
ഞാന്‍ മനസ്സിലാക്കിയത് അവിടെ നില്‍ക്കട്ടെ,കുളക്കടവിലെ യുവതിയെക്കുറിച്ച് താങ്കള്‍ എന്താണെഴുതിയത്?
"ചില ആളുകള്‍ക്ക് സ്ത്രീകളുടെ കുളിക്കടവില്‍ വായ് നോക്കിയിരിക്കുക എന്നതൊരു രസമാണ്.സ്ഥിരമായി ഇതുചെയ്യുന്ന ആര്‍ക്കും ഒരുപദ്രവവും ഉണ്ടാക്കുന്നില്ല.
അയാള്‍ കണ്ണുള്ളതുകൊണ്ട് നോക്കി ആസ്വദിക്കുന്നു കുളക്കടവിലെ സ്ത്രീകള്‍ അതില്‍ അസഹിഷ്ണുതയുള്ളവരാകേണ്ടതുണ്ടോ?"
എന്നത് താങ്കളുടെ അഭിപ്രായമാണോ? അല്ലെങ്കില്‍ ആരുടെ അഭിപ്രായമാണ്? അത് ആരുടെ അഭിപ്രായമായാലും എനിക്ക് അതിനോട് യോജിപ്പില്ലേന്നുമാത്രമല്ല അവനെ കയ്യില്‍ കിട്ടിയാല്‍ വേണ്ടപോലെ കൈകാര്യം ചെയ്ത് പോലീസിലേല്‍പിക്കുകയും ചിലപ്പോള്‍ അത് നിയമത്തിന്റെ വഴിക്ക് പോകുകയും ചെയ്തേക്കാം! ഇനി താങ്കള്‍ അവകാശപ്പെട്ടതുപോലെ അതൊരു മാനസികരോഗമാണെങ്കില്‍ അവര്‍ തന്നെ അവനെ ഊളമ്പാറയ്ക്ക് അയച്ചുകൊള്ളും.
നേരേമറിച്ച് ഒരു സ്ത്രീ അവനെ രഹസ്യമായി വിളിച്ച് കയറ്റി അവനെ പ്രേക്ഷകനാക്കിയാല്‍ അത് അവളുടേയും അവന്റേയും വ്യക്തിപരമായ കാര്യമോ ചിലപ്പോള്‍ അവരുടെ കുടുംബ കാര്യമോ ആയേക്കാം, അവിടെ എനിക്കോ, മറ്റൊരാള്‍ക്കോ,സമൂഹത്തിനോ, നിയമത്തിനോ (കേസ് കുടുംബകലഹമായി കോടതിയിലെത്തുംവരെ) ഇടപെടേണ്ട കാര്യമേയില്ല!
8. "ഇനി കുളക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നതുകാണാന്‍ അവസരം തരണമെന്നു പറഞ്ഞ് ഇദ്ദേഹം ഒരുയാളുടെ ഇച്‌ഛസംരക്ഷിക്കാനുള്ള ബാദ്ധ്യതയും കോടതിക്കുണ്ടോ?"
താങ്കള്‍ തീര്‍ച്ചയായും തമാശപറഞ്ഞതാണെന്നു കരുതുന്നു!
സമൂഹത്തിന് ശല്യമാകാത്തിടത്തോളം അവരെ അവരുടെ സ്വന്തം ഇഷ്ടത്തിനു വിടുക, ശല്യമായാല്‍ സമൂഹം അവരെ നിയമപരമായോ അല്ലാതെയോ കൈകാര്യം ചെയ്തുകൊള്ളും. 'ഗേ-മാര്യേജ്' പ്രോത്സാഹിപ്പിക്കാനുള്ള എന്തെങ്കിലും പാക്കേജ് ഈ നിയമത്തിന്റെ കൂടെ പ്രഖ്യാപിച്ചതായി അറിയില്ല. ഏതുതരത്തിലാണ് അത് പ്രോത്സാഹനമാകുന്നതെന്ന് അറിയില്ല. ആരു പ്രോത്സാഹിപ്പിച്ചിട്ടാണ് ഇവിടെ പെണ്‍ വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നത്?
"പാര്‍ശ്വവത്കരിക്കപ്പെട്ടവിഭാഗങ്ങള്‍..." അതൊക്കെ പറഞ്ഞുപറഞ്ഞ് പഴകിപ്പോയ പ്രയോഗങ്ങളല്ലേ? ഇവിടെ ആരാണ് അത്തരം വിഭാഗങ്ങളെ ഉദ്ധരിക്കാന്‍ നടക്കുന്നത്?
ഏതായാലും എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു. താങ്കള്‍ക്ക് വിയോജിപ്പുള്ള പലകാര്യങ്ങളും കാണും എന്റെ അഭിപ്രായത്തില്‍. അതിനോടൊക്കെ വിയോജിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.പക്ഷേ താങ്കളുടെ അഭിപ്രായങ്ങളും എന്റേതിനുസമമാകണമെന്ന വാശിയൊന്നുമെനിക്കില്ല.താങ്കള്‍ക്ക് താങ്കളുടേതും എനിക്ക് എന്റേതും ഇഷ്ടമുള്ളതുപോലെ അഭിപ്രായം പറയാം പ്രവര്‍ത്തിക്കാം. സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു മാത്രം! ഈ വിധിയില്‍ പറയുന്നതുപോലെ!
ഇനി ഈവിഷയത്തില്‍ നമ്മള്‍ തമ്മില്‍ ഒരു ആശയ തര്‍ക്കത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല, മാത്രവുമല്ല ഇനി ഇതിനായി കളയാന്‍ സമയവുമില്ല എന്നതിനാല്‍ വിടവാങ്ങുന്നു. പിന്നീടെപ്പോഴെങ്കിലും കാണം.ആശംസകള്‍!
ഓടോ: ഇത്തരം ക്രിമിനലുകള്‍ ഉണ്ടാകാതിരിക്കാന്‍ ബോധവത്കരണം നല്ലതു തന്നെ എന്നാല്‍ സമൂഹത്തിന്റെ പുറത്തുകയറുന്ന ഇത്തരം വിത്തുകാളകളുടെ വരിയുടക്കലാണ് സ്വകാര്യമായി സ്വവര്‍ഗ്ഗം നടത്തുന്നവരെപിടികൂടി ശിക്ഷിക്കുന്നതിനേക്കള്‍ അഭികാമ്യം.
ഏറ്റവും ശരിയായതും,മാനുഷികവും,യുക്തിസഹവുമായ കാഴ്ചപ്പാട് സ്പഷ്ടമായി പറഞ്ഞിരിക്കുന്നു ഷാനവാസ്... അഭിനന്ദനങ്ങള്‍!
Post a Comment