Monday, October 22, 2007

2007 ഒക്റ്റോബര്‍ 22, തിങ്കള്‍

പ്രവാസഭൂമി എന്ന ബ്ലോഗില്‍ അലിയുടെ 'മലയാളത്തിന്‌ ഒരു മഹാ നടനെ നഷ്ടമാകുമോ?' എന്ന ചോദ്യ പോസ്റ്റിന്‌ എനിക്കു തോന്നിയ മറുപടി:

പ്രശസ്തരുടെ പെരുമാറ്റവൈകൃതങ്ങള്‍ എന്നും വിമര്‍ശനവിധേയമായിട്ടുണ്ട്‌. ശ്രീശാന്തും പ്രശസ്തനായതുകൊണ്ടുമാത്രമാണ്‌ അയാളുടെ ചേഷ്ടകള്‍ക്കിത്ര പ്രാധാന്യം കിട്ടുന്നത്‌. അയാള്‍ വിജയിക്കുമ്പോള്‍ അതിലഭിമാനംകൊള്ളുന്നതുപോലെതന്നെ മാന്യമായ ഒരു ഗെയിമെന്ന് പേരുകേട്ട ക്രികറ്റിന്റെ മാന്യതയ്ക്ക്‌ ചേരാത്ത കോമാളിത്തരങ്ങ്ങ്ങളുണ്ടാകുമ്പോള്‍ അതുതീര്‍ച്ചയായും വിമര്‍ശിക്കപ്പെടണം. ഇത്തരം കോമാളിത്തരങ്ങള്‍ അത്‌ ക്രിക്കറ്റ്‌എന്ന ഗെയിമിനെ സ്നേഹിക്കുന്നവര്‍ അംഗീകരിക്കാനിടയില്ല. തനിയ്ക്ക്‌ സ്വയം ഔട്ടെന്ന് തോന്നുമ്പോള്‍ അമ്പയറുടെ തീരുമാനത്തിന്‌ കാത്തുനില്‍ക്കാതെ പവലിയനിലേക്കു മടങ്ങുന്ന ഗില്‍ക്രിസ്റ്റിന്റേയും,കൂട്ടിയിടിച്ച്‌ മറിഞ്ഞുവീണ എതിര്‍ടീമംഗത്തെ റണ്ണൗട്ടാക്കാമായിരുന്നിട്ടും അതുചെയ്യാഞ്ഞ വാള്‍ഷിന്റേയും, 331ല്‍ സ്വന്തംസ്കോര്‍ നില്‍ക്കുമ്പോള്‍ ഇന്നിംഗ്സ്‌ ഡിക്ലയര്‍ചെയ്ത മാര്‍ക്ക്‌ ടെയ്‌ലറുടേയും അങ്ങനെ ക്രിക്കറ്റിലെ മാന്യതയ്ക്ക്‌ പേരുകേട്ട ഒട്ടനവധി പേരുടേയും ഗെയിമാണെന്ന് ഓര്‍ക്കുക നന്നായിരിക്കും. അഗ്രസീവ്‌ എന്നതിന്റെ അര്‍ത്ഥം ശ്രീ 'അശാന്ത്‌' കാട്ടുന്ന പ്രകടനം എന്നല്ല! ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടല്ല മാടപ്രാവെന്ന് വാഴ്തപ്പെട്ട മഗ്രാത്തും,അക്രവും,വാള്‍ഷും,മുരളിയും, വോണും, അംബ്രോസുമൊന്നും ആയിരത്തിനടുത്ത്‌(ടെസ്റ്റ്‌,ഏകദിനങ്ങളില്‍) വിക്കറ്റുകളെടുത്തത്‌. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!

ബലിത വിചാരത്തിന്റെ "സോവിയറ്റ്‌ യൂനിയണില്‍ കമ്മ്യൂണിസം തകരാനുള്ള 10 കാരണങ്ങള്‍."പോസ്റ്റില്‍ ഇട്ട കമന്റ്‌:
പ്രിയ ബലിതവിചാരം, നിരീക്ഷണം കൊള്ളാം പറഞ്ഞിരിക്കുന്ന പോയിന്റുകളില്‍ പത്തില്‍ ആറും (3,5,7,8,9,10)'ജനാധിപത്യം' കൊടികുത്തിവാഴുന്ന ഇന്‍ഡ്യയിലും ബാധകമല്ലേ? അതുകൊണ്ട്‌ ജനാധിപത്യവും തകരുമെന്ന് പ്രതീക്ഷിക്കാമോ? പണ്ട്‌ ബ്രിട്ടീഷുകാരനോട്‌ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ നമുക്കിന്നും കൈമോശം വന്നിട്ടില്ലെന്ന് നാം ഉച്ചൈസ്തരം ഘോഷിക്കുന്ന ദേശീയതയെന്ന വികാരം മാത്രം ഒന്നായി യോജിപ്പിച്ചുനിര്‍ത്തുന്ന ഇന്‍ഡ്യയെന്ന ആയിരക്കണക്കിന്‌ ഭാഷ സംസാരിക്കുന്ന, വിവിധ ജാതി, മത,വര്‍ഗ്ഗങ്ങളുള്‍പ്പെടുന്ന ഈ വലിയ ഉപ ഭൂഗണ്ഡം സോവ്യേറ്റ്‌ യൂണിയനെപ്പോലെ പൊതുവായൊരു പ്രത്യയശാസ്ത്രമോ, എന്തിന്‌ പൊതുവായൊരു ഭാഷയോ പോലുമില്ലാതെ ഒട്ടനവധി പ്രശ്നങ്ങള്‍ക്കു നടുവിലും ഇക്കഴിഞ്ഞ അറുപതുവര്‍ഷം നിലനിന്നത്‌ അത്ഭുതപ്പെടുത്തുന്ന ഒന്നാണോ? ഏതായാലും ചര്‍ച്ച കൊഴുക്കട്ടെ ആശംസകള്‍!
പ്രവാസഭൂമി എന്ന ബ്ലോഗില്‍ അലിയുടെ "പുതിയ രണ്ട് തമാശകള്‍...(മന്ത്രിമാര്‍ വക)"പോസ്റ്റില്‍ ഇട്ട കമന്റ്‌:
അലീ, അച്ചുതാനന്ദന്‍ സഖാവ്‌ ചിലയവസരത്തിലെങ്കിലും താനൊരു പൊട്ടനാണെന്ന് സമ്മതിച്ചതായും, സുധാകരന്‍ സഖാവിന്‌ ജനാധിപത്യത്തെക്കുറിച്ച്‌ ഉന്നതമായ 'വൈരുധ്യാത്മക ഭൗതികവാദ'ത്തിലധിസ്ടിതമായ ഒരു കാഴ്ചപ്പാടുണ്ടെന്നും(ചൈനയിലെ മാറ്റത്തിനെക്കുറിച്ചുചോദിച്ചാല്‍ ആര്‍ക്കുമൊന്നും മനസ്സിലാകാത്ത തരത്തില്‍ മറുപടി പറയുന്ന കെ.ഇ.എന്നിനെപ്പോലെ) കരുതിയാല്‍പോരേ?
സാജാ, പിന്നെ 375ല്‍ 206 എന്നത്‌, പോളിംഗ്‌ ഓഫീസര്‍മാര്‍ സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്തിട്ടും 45 ശതമാനത്തില്‍ താഴെ പോളിംഗ്‌ നടന്നിട്ട്‌ ത്രികോണമത്സരത്തില്‍ ആകെജനങ്ങളുടെ 15 ശതമാനത്തില്‍ താഴെയാളുകളുടെ സമ്മദിദാനം മാത്രമുള്ള ധാരാളം എം.എല്‍.ഏമാരും എം.പി മാരും ഉള്ള, ഒരു ശതമാനത്തിന്റെ പോലും സമ്മതിയില്ലാതെ പാര്‍ലമെനില്‍ തോറ്റ, കുറുക്കുവഴിയിലൂടെ രാജ്യസഭാംഗമെന്ന ലേബലില്‍ കേന്ദ്ര മന്ത്രിമാര്‍ വെരെയായ ഉന്നതമായ ജനാധിപത്യബോധമുള്ള നമ്മുടെ രാജ്യത്ത്‌ ഇതില്‍ വലിയ പുതുമയൊന്നുമില്ല. പിന്നെ ബൂലോകത്തെ 'ബുദ്ധിജീവിപ്പുലികള്‍' ഇത്തരം ചീളു കേസുകള്‍ക്ക്‌ പ്രതികരിക്കണമെന്നൊക്കെപ്പറഞ്ഞാല്‍?
നചികേതസ്സേ, സമ്മതിച്ചില്ലെങ്കില്‍പോലും ആ മുഖത്തുനിന്നും പലതും നമുക്ക്‌ വായിക്കാം! ഥാപ്പറുടെ ചോദ്യങ്ങള്‍ കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു എന്നതിന്‌ ഇതില്‍ പരമൊരു തെളിവുവേണോ? ഇത്തരം കാര്യങ്ങളില്‍ അവനവന്റെ മനസ്സിലെങ്കിലും പശ്ചാത്താപം തോന്നാത്തവര്‍ മനുഷ്യരോ?

4 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

സമയം മിനക്കെടുത്തി എഴുതുന്ന കമന്റുകള്‍ നഷ്ടപ്പെടാതിരിക്കാനും, ചിലതിനൊക്കെ ഒക്കുന്നതുപോലെ മറുപടി പറയാനും-ഒരു പരീക്ഷണം

കടപ്പാട്‌: ചിത്രകാരന്‍

ദിലീപ് വിശ്വനാഥ് said...

ഇതൊരു നല്ല ആശയമാണല്ലോ. നല്ല കാര്യം ഷാനവസിക്കാ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

വാല്മീകീ ഇതുകൊള്ളാമെന്ന് നമുക്ക്‌ തോന്നിയാലും,"ഭാവനാശൂന്യന്മാരായ ചില ബ്ലോഗര്‍മാര്‍ ആശയദാരിദ്ര്യം കാരണം കമന്റുകള്‍കൊണ്ട്‌ പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കുന്നു" എന്നൊക്കെ ചിലപ്പോള്‍ ചില പുലികള്‍ വിമര്‍ശിച്ചേക്കാം! എന്തായാലും ഇരിക്കട്ടെ ഒരെണ്ണം ഇങ്ങനെയും:)!

Anonymous said...

ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?