Monday, December 31, 2007

ജനുവരി 1, 2008- തീവ്രവാദമില്ലാത്തലോകം!

സുകുമാരന്‍ മാഷേ നന്ദി.
ഞാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും, ഇനിയെന്നും ഇത്തരത്തില്‍ ചിന്തിക്കുകയും അതിനായി എന്നാല്‍ കഴിയുന്നത്‌ ചെയ്യുകയും ചെയ്യും.ഇത്തരം സാമൂഹികപ്രശ്നങ്ങളിലുള്ള എന്റെ മുന്‍ നിലപാടുകളും അതിനുദാഹരണങ്ങളാണ്‌.
എന്റെ മുസ്ലിം സഹോദരങ്ങളില്‍ തീവ്രവാദത്തിനെതിരായ നിലപാട്‌ സൃഷ്ടിക്കുകയും തീവ്രവാദമെന്ന മാനുഷികതയ്ക്കെതിരായ ഈ അത്യാപത്തിനെതിരേ ചിന്തിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ജാഗ്രതപാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമോ അതു ചെയാന്‍ ഞാന്‍ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കും.
ലോകസമാധാനത്തിനായി ലോക മനുഷ്യരാശിക്കു മുഴുവനുമായി എത്തിക്കപ്പെട്ട ഒരു മഹത്തായ ഒരു സന്ദേശത്തിനെ പിന്‍പറ്റുന്നവരെന്ന അവകാശവാദം മാത്രം മറ്റു സഹോദരങ്ങളുടെ സംശയമകറ്റാന്‍ മതിയാവുകയില്ല. അതിന്‌ യോജിച്ച രീതിയിലുള്ള ചിന്തയും പ്രവര്‍ത്തവുമാണതിനാവശ്യം.
തീവ്രവാദത്തിനെതെരേയുള്ള ബോധവത്കരണവും അതുമൂലം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുമെല്ലാം മുസ്ലിം യുവാക്കള്‍ അത്യധികം ഗൗരവത്തോടെ കാണണം. അതിനായി മത പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. മാറ്റം യുവാക്കളില്‍ നിന്നുമുണ്ടാകണം. തീവ്രവാദത്തിനെതിരായ ഒരു സാമൂഹിക നവീകരണം മുസ്ലിം യുവാക്കള്‍ക്കുടെ ഇടയില്‍ ആരംഭിക്കണം. അതിന്‌ പ്രസ്ഥാനങ്ങളോ, രാഷ്ട്രീയമോ, അരാഷ്ട്രീയമോ ഒന്നും തടസ്സമാകരുതെന്നാണ്‌ എന്റെ വിനീതമായ അഭ്യര്‍ഥന.
തീവ്രവാദത്തിന്റെ ക്രിമികീടങ്ങള്‍ ജനിക്കാന്‍ സാധ്യതയുള്ള അഴുക്കുചാലുകള്‍ നികത്തിക്കൊണ്ടായിരിക്കണം അതിന്‌ തുടക്കം കുറിക്കേണ്ടത്‌. അത്‌ ചില ക്രിമിനല്‍ മനസ്സുകളല്ലാതെ മറ്റൊന്നുമല്ല! അവിടേയ്ക്ക്‌ വെളിച്ചമെത്തിക്കന്‍ കഴിയണം.നമുക്കതിനുകഴിയും എന്ന ഉറച്ച്‌ വിശ്വാസക്കാരനാണ്‌ ഞാന്‍.
സമാനചിന്താഗതിയിലുള്ളവരുടെ എല്ലാവരുടേയും ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള സഹകരണവും സഹായവും ഞാന്‍ ഇക്കാര്യതില്‍ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.എന്നെക്കൊണ്ട്‌ കഴിയുന്ന തരത്തില്‍ ഇത്തരം ചിന്തയും പ്രവര്‍ത്തനങ്ങളും പരമാവധി യുവാക്കളിലെത്തിക്കാനുള്ള എളിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.
എല്ലാവര്‍ക്കും ഒരു നല്ല, സമാധാനപരമായ, സന്തോഷപ്രദമായ പുതുവര്‍ഷം ആശംസിക്കുന്നു.
സുകുമാരന്‍ മാഷിന്റെ വാദത്തോട്‌ യോജിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ക്രിസ്തുമതത്തിന്‌ ഇനിയും അതിലേക്ക്‌ ആളെക്കൂട്ടി എന്താ വല്ല ശക്തിപ്രകടനവും നടത്താന്‍ പോകുകയാണോ? ക്രിസ്തുമതത്തിന്റെ മാത്രം കാര്യമല്ല, മറ്റ്‌ സെമിറ്റിക്‌ മതങ്ങളുടേയും. പക്ഷേ ക്രിസ്തുമതത്തിന്റെ കാര്യം എടുത്തുപറയാന്‍ കാര്യം മറ്റു മതങ്ങളേക്കാളും സ്വന്തം മതത്തില്‍ ആളെച്ചേര്‍ക്കാന്‍ കാണിക്കുന്ന തത്രപ്പാടുകളും അതിളക്കിവിടുന്ന സാമൂഹിക പ്ര്ശ്നങ്ങളുമാണ്‌. ഇപ്പറയുന്ന പാവപ്പെട്ട ആദിവാസികളേയും മറ്റും അരിയും എണ്ണയുമൊക്കെ ക്കൊടുത്ത്‌ ഉദ്ധരിക്കാന്‍ അവര്‍ ക്രിസ്തുമതത്തില്‍ ചേരണമെന്ന് എന്തിനാണ്‌ ഇത്ര നിര്‍ബണ്ഡം പിടിക്കുന്നത്‌? ക്രിസ്തുപറഞ്ഞിട്ടുണ്ടോ ക്രിസ്ത്യാനിയായവരെ മാത്രമേ സഹായിക്കാവൂ എന്ന്? സുകുമാരന്‍ മാഷ്‌ പറയുന്നതുപോലെ യതാര്‍ത്ഥത്തില്‍ നാനാത്വത്തില്‍ ഏകത്വവും സഹിഷ്ണുഹയുമായി കഴിയുന്ന ഹിന്ദു ജനവിഭാഗങ്ങളുടെ ഇടയില്‍ ഇത്തരക്കാരുടെ ആളെച്ചേര്‍ക്കലുകള്‍ ഇളക്കിവിടുന്ന പ്രശ്നങ്ങള്‍ സംഘപരിവാര്‍ മുതലെടുക്കുന്നതിനേയും കുറ്റം പറയാന്‍ കഴിയില്ല, അത്‌ അവരുടെ ജോലിയാണ്‌. മിഷനറിമാര്‍ ചെയ്യുന്ന പാതകത്തിന്റെ വേറൊരു രീതിയിലാണത്‌ നടപ്പിലാക്കുന്നതെന്നുമാത്രം! മിഷണറിമാര്‍ യാതാര്‍ഥ്യബോധത്തോടെ കുറേക്കൂടി വിശാലാടിസ്ഥാനത്തില്‍ ചിന്തിക്കുകയും,ക്രിസ്തു മതത്തില്‍ ആകൃഷ്‌ടരായി മതവിശ്വാസം സ്വികരിക്കാന്‍ മുന്നോട്ടുവരുന്നവരെ മാത്രമേ സ്വീകരിക്കാവൂ എന്നും, നിര്‍ബന്ധിച്ചും, ദാരിദ്ര്യം, മറ്റുപിന്നോക്കാവസ്ഥ എന്നിവ ചൂഷണം ചെയ്തും, പണം മുടക്കിയുമുള്ള ആളെച്ചേര്‍ക്കലുകള്‍ നിര്‍ത്തലാക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. അല്ലാതെ കണ്ണാടച്ചിരുട്ടാക്കി വിലപിച്ചിട്ട്‌ കാര്യമുണ്ടെന്നു തോന്നുന്നില്ല!സുകുമാരന്‍ മാഷ്ക്കും കുടുംബത്തിനും ഹൃദ്യമായ പുതുവര്‍ഷാശംസകള്‍!

ഷാനവാസ്‌ ഇലിപ്പക്കുളം said...
പിന്നെ ഒരു കാര്യം കൂടി, പാമരന്‍ പറഞ്ഞതുപോലെ പിന്നെ ഇക്കാര്യത്തില്‍ ഇവിടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയുമ്മൊക്കെയുള്ള സാഹചര്യത്തില്‍ ആരെയെങ്കിലും നിയമം നടപ്പിലാക്കല്‍, സാമൂഹിക നീതിഉറപ്പുവരുത്തല്‍ എന്നിവയുടെ മൊത്തവിതരണം ഏല്‍പിക്കേണ്ട

Friday, December 28, 2007

2007 ഡിസംബര്‍ 28

"ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ്"സുകുമാരന്‍ മാഷേ, താങ്കളുടെ ഈ നിരീക്ഷണത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. ഇത്തരം തീവ്രവാദികള്‍ മതവിരുദ്ധരാണെന്നും ഇത്തരക്കാര്‍ക്ക്‌ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും പ്രഖ്യാപിക്കുകയും, തസ്ലീമയ്ക്കും, റുഷ്ദിക്കുമെതിരേ വാളോങ്ങുന്നതിനും മുന്‍പേ ഇത്തരം പിശാചുക്കളാണ്‌ ഇന്ന് ഇസ്ലാമിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളെന്ന തിരിച്ചറിവാണ്‌ മതനേതൃത്വത്തിനും അനുയായികള്‍ക്കും ഉണ്ടാകേണ്ടത്‌. കേവലം വിശ്വാസപരമായ ചില വ്യതിയാനങ്ങളുടെ പേരില്‍ അഹമ്മദീയരെ, അനിസ്ലാമായി പ്രഖ്യാപിക്കുന്ന മതനേതൃത്വം ഇത്തരം വിധ്വംസക മതക്കാരുടെ നേരേ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടത്‌ വളരെ അനിവാര്യമായിരിക്കുന്ന സാഹചര്യമാണിന്ന് ലോകത്ത്‌ നിലനില്‍കുന്നത്‌. ഇനിയും പാലിക്കപ്പെടുന്ന മൗനം മറ്റു മതസ്ഥരില്‍ മുസ്ലിംകളെക്കുറിച്ച്‌ സംശയം ജനിപ്പിക്കുന്നെങ്കില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ കൊല്ലുന്നത്‌ ലോകത്തിലെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്നും അത്‌ മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ഖുര്‍ആനിലുണ്ടായിട്ട്‌ മാത്രം കാര്യമില്ലല്ലോ? അതുപോലെ ആത്മഹത്യയെന്നത്‌ കഠിനമായ പാപങ്ങളില്‍ ഒന്നാണെന്നും അങ്ങനെ ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗ്ഗം കാണുകയില്ലെന്നും വിശ്വസിക്കുന്ന ഒരു മതവിഭാഗത്തിലെ പെട്ടവരെന്ന് അവകാശപ്പെടുന്ന ഈ ഷൈത്താന്മാര്‍ ആത്മഹത്യയിലൂടെ നിരവധി നിരപരാധികളെ കൊന്നൊടുക്കി നേടാനുദ്ദേശിക്കുന്നത്‌ ഒരു തരത്തിലും മതപരമല്ലെന്നും പ്രാബോധനം നടത്തുകയാണ്‌ അടിയന്തിരമായി ഈ മുല്ല്ലാക്കാമാര്‍ ചെയ്യേണ്ടത്‌. അല്ലാതെ ഖുര്‍ആന്‍ അനുസരിക്കാതെ ചില പിശാചുക്കള്‍ നിരപരാധികളെ കൊന്നൊടുക്കുപോള്‍ പെരുന്നാളാഘോഷിക്കുകയല്ല വേണ്ടത്‌. ഇന്ന് ബേനസീര്‍, നാളെ? ഒരിക്കല്‍ ഇത്‌ നമ്മുടെ പടികടന്നെത്തുന്നതുവരെ ഇത്‌ പാക്കിസ്ഥാനിലല്ലേ? അല്ലെങ്കില്‍ ഇറാക്കിലല്ലേ എന്ന് ചിന്തിച്ച്‌ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന പൗരോഹിത്യ കടല്‍ക്കിഴവന്മാര്‍ വായില്‍ നാക്കുണ്ടങ്കില്‍ പ്രതികരിക്കുകയാണ്‌ വേണ്ടത്‌. ഇതര മതസ്ഥരായ സഹോദരങ്ങളുടെ സംശയം ഒഴിവാക്കാന്‍ എല്ലാവരുടേയും സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഇസ്ലാമെന്നാല്‍ സാഹോദര്യം, സമാധാനമെന്ന് പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ 'മിംബറില്‍' കയറി പ്രസംഗിക്കുകയല്ല വേണ്ടത്‌. ഇനി പ്രവര്‍ത്തിയാണ്‌ ആവശ്യം.

Wednesday, December 26, 2007

2007 ഡിസംബര്‍ 26 ചൊവ്വ.

നകുലന്റെ മറുമൊഴി എന്ന ബ്ലോഗിലെ ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം' പോസ്റ്റിന്‌ എഴുതിയ കമന്റ്‌.
നകുലന്‍ മാഷേ,
താങ്കളുടെ പല നിരീക്ഷണങ്ങളോടും യോജിക്കുന്നു। ഉദാഹരണത്തിന്‌ ഗുജറാത്തിനെ വികസനക്കാര്യത്തില്‍ ഐറ്റി വരുമാനമൊന്നുമില്ലാതെ തന്നെ ഇന്‍ഡ്യയിലെ മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാക്കിയത്‌, അടിസ്ഥാന സൗകര്യങ്ങളുടെ വികസനക്കാര്യത്തില്‍ മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടത്‌ എന്നിങ്ങനെ പലതും। ഒരു പക്ഷവും പിടിക്കാതെ ചിന്തിക്കുന്നവരെപ്പോലും വികസനം മുന്‍ നിര്‍ത്തി വോട്ടു ചെയ്താല്‍ മോഡിയ്ക്ക്‌ തന്നെ വോട്ടു ചെയ്യാനുള്ള സാധ്യത, ഒരു നേതൃത്വം തന്നെയില്ലാതിരുന്ന എതിരാളികളുടെ വീക്നസ്സ്‌ തങ്ങളുടെ രക്ഷയ്ക്കെത്തിക്കോളും എന്ന മൂഢ സ്വര്‍ഗ്ഗത്തില്‍ വിരാജിച്ചിരുന്ന കോണ്‍ഗ്രസ്സ്‌,അതിനുവേണ്ടി വിമതരെ വിലയ്ക്കെടുക്കല്‍, യാതൊരു പക്വതയും വീണ്ടുവിചാരവുമില്ലാത്ത അവരുടെ പ്രസ്താവനകള്‍ എന്നിങ്ങനെ അങ്ങനെ പലതിനോടും യോജിപ്പ്‌। പക്ഷേ ഗുജറാത്തിലെ പൊതുസമൂഹത്തിന്റെ ഇടയില്‍ വര്‍ഗ്ഗീയത ഒരിക്കലും മായ്ക്കാന്‍ കഴിയാത്തവിധം വളരെയാഴത്തില്‍ തന്നെ വേരോടിയിരിക്കുന്നുവെന്ന സത്യം കാണാതെവയ്യ. മാത്രവുമല്ല ഗുജറാത്തിലെ തെരെഞ്ഞെടുപ്പുവിജയത്തില്‍ ബി.ജെ.പി യെക്കാളും മീതേയായിരുന്നു മോഡിയെന്ന ഫാക്റ്റര്‍ എന്നതും നിഷേധിക്കാന്‍ കഴിയുമോ? ഇനിയും വരുന്ന തെരെഞ്ഞെടുപ്പുകളില്‍ ഒരു വികസന മന്ത്രവുമില്ലാതെ തന്നെ മോഡിയെ അധികാരത്തിലെത്തിക്കാനുള്ള കരുത്ത്‌ അതിനുണ്ടെന്ന് വൈകിയാണെങ്കിലും ബി.ജെ.പി യുടെ കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞതിന്റെ ലക്ഷണമല്ലേ മോഡിയെ വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍.
നന്ദുവേട്ടാ,
കോണ്‍ഗ്രസ്സിന്റെ വാദമുഖങ്ങളൊക്കെ പൊള്ളയായിരുന്നുവെന്നും അതൊന്നും കേവലം അധികാരത്തിലെത്താനുള്ള തത്രപ്പാടുകള്‍ മാത്രമായിരുന്നുവെന്നതും സത്യം। പക്ഷേ തെഹല്‍ക്ക ചെയ്തത്‌ അനുയോജ്യരായ നടീ നടന്മാരെ കാസ്റ്റ്‌ ചെയ്ത്‌ കഥയും സന്ദര്‍ഭവുമൊരുക്കി സംവിധാനം ചെയ്ത ഒരു ഫീച്ചര്‍ ഫിലിമൊന്നുമായിരുന്നില്ലല്ലോ? അതിലെ താരങ്ങള്‍ ഒരുളുപ്പുമില്ലാതെ വിളിച്ചുപറഞ്ഞത്‌ എല്ലാവരും കേട്ടതല്ലേ? മാത്രമല്ല അവര്‍ പറഞ്ഞതിലും പ്രവര്‍ത്തിച്ചതിലും അഭിമാനംകൊള്ളുകയും ചെയ്യുകയും ചെയ്യുന്നു! കാമറാ ഒളിപ്പിച്ചു വെച്ചിരുന്നില്ലെങ്കില്‍ കൂടിയും അവര്‍ അതൊക്കെ തന്നെ പറയുമായിരുന്നില്ലേ? പിന്നെയാണോ അത്‌ തെഹല്‍ക്കയോട്‌ പറയാന്‍ മടിക്കുന്നു? അതുതന്നെയല്ലേ സെറാബുദ്ദീന്‍ ഷേഖിന്റെ കാര്യത്തില്‍ മോഡിയും പരസ്യമായി ജനങ്ങളോട്‌ ചോദിച്ചതും അവര്‍ അനുകൂലമായി പ്രതികരിച്ചതും? ഒരു കണക്കില്‍ പറഞ്ഞാല്‍ ഈ തെഹല്‍ക്ക സിനിമ ചാരം മൂടി ക്കിടന്നിരുന്ന കനലുകള്‍ ഊതിപ്പെരുക്കിയതിലൂടെ ആര്‍ക്ക്‌ ഗുണം ചെയ്യുമെന്ന് തെരെഞ്ഞെടുപ്പ്‌ ഫലം വരും മുന്‍പുതന്നെ ആലോചിക്കുന്നവര്‍ക്ക്‌ ഉറപ്പിക്കാമായിരുന്നു। പിന്നെ ഗുജറാത്തിലെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമായിരുന്നുവെന്ന വാദത്തോട്‌ യോജിക്കുന്നു.
------------------------------------------------------------------------------------------------
മലബാറി യുടെ 'പ്രതീക്ഷ' ബ്ലോഗിലെ ലിങ്കുകള്‍ നല്‍കുന്നതെങ്ങനെ ??
പ്രിയ മലബാറീ,
ലിങ്ക്‌ എങ്ങനെ നല്‍കാമെന്നും ബ്ലോഗിംഗിനെ സംബന്ധിച്ചുള്ള മറ്റുപലതും ഹരിയുടെ ഈ പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്‌. തീര്‍ച്ച്യായും പ്രയോജനപ്പെടും!

Monday, October 22, 2007

2007 ഒക്റ്റോബര്‍ 22, തിങ്കള്‍

പ്രവാസഭൂമി എന്ന ബ്ലോഗില്‍ അലിയുടെ 'മലയാളത്തിന്‌ ഒരു മഹാ നടനെ നഷ്ടമാകുമോ?' എന്ന ചോദ്യ പോസ്റ്റിന്‌ എനിക്കു തോന്നിയ മറുപടി:

പ്രശസ്തരുടെ പെരുമാറ്റവൈകൃതങ്ങള്‍ എന്നും വിമര്‍ശനവിധേയമായിട്ടുണ്ട്‌. ശ്രീശാന്തും പ്രശസ്തനായതുകൊണ്ടുമാത്രമാണ്‌ അയാളുടെ ചേഷ്ടകള്‍ക്കിത്ര പ്രാധാന്യം കിട്ടുന്നത്‌. അയാള്‍ വിജയിക്കുമ്പോള്‍ അതിലഭിമാനംകൊള്ളുന്നതുപോലെതന്നെ മാന്യമായ ഒരു ഗെയിമെന്ന് പേരുകേട്ട ക്രികറ്റിന്റെ മാന്യതയ്ക്ക്‌ ചേരാത്ത കോമാളിത്തരങ്ങ്ങ്ങളുണ്ടാകുമ്പോള്‍ അതുതീര്‍ച്ചയായും വിമര്‍ശിക്കപ്പെടണം. ഇത്തരം കോമാളിത്തരങ്ങള്‍ അത്‌ ക്രിക്കറ്റ്‌എന്ന ഗെയിമിനെ സ്നേഹിക്കുന്നവര്‍ അംഗീകരിക്കാനിടയില്ല. തനിയ്ക്ക്‌ സ്വയം ഔട്ടെന്ന് തോന്നുമ്പോള്‍ അമ്പയറുടെ തീരുമാനത്തിന്‌ കാത്തുനില്‍ക്കാതെ പവലിയനിലേക്കു മടങ്ങുന്ന ഗില്‍ക്രിസ്റ്റിന്റേയും,കൂട്ടിയിടിച്ച്‌ മറിഞ്ഞുവീണ എതിര്‍ടീമംഗത്തെ റണ്ണൗട്ടാക്കാമായിരുന്നിട്ടും അതുചെയ്യാഞ്ഞ വാള്‍ഷിന്റേയും, 331ല്‍ സ്വന്തംസ്കോര്‍ നില്‍ക്കുമ്പോള്‍ ഇന്നിംഗ്സ്‌ ഡിക്ലയര്‍ചെയ്ത മാര്‍ക്ക്‌ ടെയ്‌ലറുടേയും അങ്ങനെ ക്രിക്കറ്റിലെ മാന്യതയ്ക്ക്‌ പേരുകേട്ട ഒട്ടനവധി പേരുടേയും ഗെയിമാണെന്ന് ഓര്‍ക്കുക നന്നായിരിക്കും. അഗ്രസീവ്‌ എന്നതിന്റെ അര്‍ത്ഥം ശ്രീ 'അശാന്ത്‌' കാട്ടുന്ന പ്രകടനം എന്നല്ല! ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടല്ല മാടപ്രാവെന്ന് വാഴ്തപ്പെട്ട മഗ്രാത്തും,അക്രവും,വാള്‍ഷും,മുരളിയും, വോണും, അംബ്രോസുമൊന്നും ആയിരത്തിനടുത്ത്‌(ടെസ്റ്റ്‌,ഏകദിനങ്ങളില്‍) വിക്കറ്റുകളെടുത്തത്‌. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!

ബലിത വിചാരത്തിന്റെ "സോവിയറ്റ്‌ യൂനിയണില്‍ കമ്മ്യൂണിസം തകരാനുള്ള 10 കാരണങ്ങള്‍."പോസ്റ്റില്‍ ഇട്ട കമന്റ്‌:
പ്രിയ ബലിതവിചാരം, നിരീക്ഷണം കൊള്ളാം പറഞ്ഞിരിക്കുന്ന പോയിന്റുകളില്‍ പത്തില്‍ ആറും (3,5,7,8,9,10)'ജനാധിപത്യം' കൊടികുത്തിവാഴുന്ന ഇന്‍ഡ്യയിലും ബാധകമല്ലേ? അതുകൊണ്ട്‌ ജനാധിപത്യവും തകരുമെന്ന് പ്രതീക്ഷിക്കാമോ? പണ്ട്‌ ബ്രിട്ടീഷുകാരനോട്‌ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ നമുക്കിന്നും കൈമോശം വന്നിട്ടില്ലെന്ന് നാം ഉച്ചൈസ്തരം ഘോഷിക്കുന്ന ദേശീയതയെന്ന വികാരം മാത്രം ഒന്നായി യോജിപ്പിച്ചുനിര്‍ത്തുന്ന ഇന്‍ഡ്യയെന്ന ആയിരക്കണക്കിന്‌ ഭാഷ സംസാരിക്കുന്ന, വിവിധ ജാതി, മത,വര്‍ഗ്ഗങ്ങളുള്‍പ്പെടുന്ന ഈ വലിയ ഉപ ഭൂഗണ്ഡം സോവ്യേറ്റ്‌ യൂണിയനെപ്പോലെ പൊതുവായൊരു പ്രത്യയശാസ്ത്രമോ, എന്തിന്‌ പൊതുവായൊരു ഭാഷയോ പോലുമില്ലാതെ ഒട്ടനവധി പ്രശ്നങ്ങള്‍ക്കു നടുവിലും ഇക്കഴിഞ്ഞ അറുപതുവര്‍ഷം നിലനിന്നത്‌ അത്ഭുതപ്പെടുത്തുന്ന ഒന്നാണോ? ഏതായാലും ചര്‍ച്ച കൊഴുക്കട്ടെ ആശംസകള്‍!
പ്രവാസഭൂമി എന്ന ബ്ലോഗില്‍ അലിയുടെ "പുതിയ രണ്ട് തമാശകള്‍...(മന്ത്രിമാര്‍ വക)"പോസ്റ്റില്‍ ഇട്ട കമന്റ്‌:
അലീ, അച്ചുതാനന്ദന്‍ സഖാവ്‌ ചിലയവസരത്തിലെങ്കിലും താനൊരു പൊട്ടനാണെന്ന് സമ്മതിച്ചതായും, സുധാകരന്‍ സഖാവിന്‌ ജനാധിപത്യത്തെക്കുറിച്ച്‌ ഉന്നതമായ 'വൈരുധ്യാത്മക ഭൗതികവാദ'ത്തിലധിസ്ടിതമായ ഒരു കാഴ്ചപ്പാടുണ്ടെന്നും(ചൈനയിലെ മാറ്റത്തിനെക്കുറിച്ചുചോദിച്ചാല്‍ ആര്‍ക്കുമൊന്നും മനസ്സിലാകാത്ത തരത്തില്‍ മറുപടി പറയുന്ന കെ.ഇ.എന്നിനെപ്പോലെ) കരുതിയാല്‍പോരേ?
സാജാ, പിന്നെ 375ല്‍ 206 എന്നത്‌, പോളിംഗ്‌ ഓഫീസര്‍മാര്‍ സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്തിട്ടും 45 ശതമാനത്തില്‍ താഴെ പോളിംഗ്‌ നടന്നിട്ട്‌ ത്രികോണമത്സരത്തില്‍ ആകെജനങ്ങളുടെ 15 ശതമാനത്തില്‍ താഴെയാളുകളുടെ സമ്മദിദാനം മാത്രമുള്ള ധാരാളം എം.എല്‍.ഏമാരും എം.പി മാരും ഉള്ള, ഒരു ശതമാനത്തിന്റെ പോലും സമ്മതിയില്ലാതെ പാര്‍ലമെനില്‍ തോറ്റ, കുറുക്കുവഴിയിലൂടെ രാജ്യസഭാംഗമെന്ന ലേബലില്‍ കേന്ദ്ര മന്ത്രിമാര്‍ വെരെയായ ഉന്നതമായ ജനാധിപത്യബോധമുള്ള നമ്മുടെ രാജ്യത്ത്‌ ഇതില്‍ വലിയ പുതുമയൊന്നുമില്ല. പിന്നെ ബൂലോകത്തെ 'ബുദ്ധിജീവിപ്പുലികള്‍' ഇത്തരം ചീളു കേസുകള്‍ക്ക്‌ പ്രതികരിക്കണമെന്നൊക്കെപ്പറഞ്ഞാല്‍?
നചികേതസ്സേ, സമ്മതിച്ചില്ലെങ്കില്‍പോലും ആ മുഖത്തുനിന്നും പലതും നമുക്ക്‌ വായിക്കാം! ഥാപ്പറുടെ ചോദ്യങ്ങള്‍ കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു എന്നതിന്‌ ഇതില്‍ പരമൊരു തെളിവുവേണോ? ഇത്തരം കാര്യങ്ങളില്‍ അവനവന്റെ മനസ്സിലെങ്കിലും പശ്ചാത്താപം തോന്നാത്തവര്‍ മനുഷ്യരോ?