Monday, July 6, 2009

സ്വവര്‍ഗ്ഗാനുരാഗികളുടെ മതം

ചിന്തകന്റെ "സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട്?" എന്നപോസ്റ്റിനും കൂതറതിരുമേനിയുടെ സമാനവിഷയത്തിലുള്ള "135.സ്വവര്‍ഗ്ഗരതിയും മതങ്ങളും"എന്ന പോസ്റ്റിനും ഇട്ട കമന്റ്‌ ഒരു പോസ്റ്റാക്കിയപ്പോള്‍

സ്വവര്‍ഗ്ഗാനുരാഗത്തോട്‌ വ്യക്തിപരമായി ശക്തമായി വിയോജിക്കുന്നുവെങ്കിലും, മതവിശ്വാസം എതിരാണെന്നതുകൊണ്ടുമാത്രം ഒരു ജനാധിപ്രത്യരാജ്യത്ത്‌ ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്നത്‌ നീതിയല്ല.ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത്‌ മതവിശ്വാസികളെ ആരും തന്റെ വിശ്വാസങ്ങള്‍ക്ക്‌ എതിരായി പ്രവര്‍ത്തിക്കണമെന്ന് ഒരു നിയമവും നിര്‍ബന്ധിക്കുന്നുമില്ലല്ലോ? എന്റെ മതവിശ്വാസം അനുസരിച്ച്‌ ജീവിക്കാന്‍ എനിക്ക്‌ സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ആ വിശ്വാസത്തോടുവിയോജിപ്പ്‌ ഉള്ളവര്‍ക്കും, മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും, മതമില്ലാത്തവര്‍ക്കും, നിരീശ്വരവാദികള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപ്രത്യ മതേതര രാജ്യം അവിടുത്തെ പൗരന്മാര്‍ക്ക്‌ നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കണ്ടുകൊണ്ടുവേണം ഇത്തരം ഒരുവിഷത്തില്‍ അഭിപ്രായം പറയാന്‍.

മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ, സ്വകാര്യതയോ ഹനിക്കാത്ത, മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കാത്ത, പ്രായപൂര്‍ത്തിയായ സ്വവര്‍ഗ്ഗ പങ്കാളികള്‍ തമ്മില്‍ ഉഭയ സമ്മതത്തോടുകൂടിയുള്ളാ ബന്ധം (അത്‌ അവരുടെ സ്വകാര്യയില്‍) ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായി കാണാത്ത നിയമത്തെ മതവിശ്വാസത്തിന്റെ പേരില്‍ എതിര്‍ക്കുന്നത്‌ ശരിയല്ല. എന്റെ വിശ്വാസത്തിന്‌ നിരക്കാത്തതൊന്നും ലോകത്ത്‌ നടക്കാന്‍ പാടില്ല എന്നുള്ള വാദത്തിനു പറയുന്ന പേരാണ്‌ അസഹിഷ്ണുത എന്നത്‌.ലോകത്തെല്ലായിടത്തുമുള്ളമനുഷ്യരേയും 'നന്നാക്കി' ക്കളയാം എന്ന് യുക്തിബോധമുള്ള ഒരു മതവിശ്വാസിയും ചിന്തിക്കുമെന്ന് കരുതുക പ്രയാസം. പ്രബോധനമാകാം, പ്രലോഭനമോ,വിശ്വാസം അടിച്ചേല്‍പിക്കലോ ഒരു യതാര്‍ത്ഥ വിശ്വാസിയുടെ മാര്‍ഗ്ഗമല്ല.ഒരുമതവും ഇത്തരം സ്വവര്‍ഗ്ഗവിവാഹങ്ങളെയോ, സ്വവര്‍ഗ്ഗ കൂടിത്താമസിക്കലുകളേയോ മതപരമായി അംഗീകരിക്കില്ലെന്നിരിക്കെ (അത്‌ ഇനി വിവാഹേതര സ്ത്രീപുരുഷബന്ധമായാലും)കേവലം നിയമങ്ങളിലൂടെ മാത്രം മനുഷ്യരെ മതങ്ങള്‍ക്കുള്ളില്‍ പിടിച്ചുനിര്‍ത്താമെന്നു കരുതുന്നതും യുക്തിയല്ല. വിശ്വസിക്കുന്നവന്‍ വിശ്വസിക്കട്ടെ അല്ലാത്തവന്‍ അവന്റെ ശരിയുമായി ജീവിക്കട്ടെ, മറ്റുള്ളവര്‍ക്ക്‌ ശല്യമാകാത്തിടത്തോളം! മറ്റുള്ളവര്‍ക്ക്‌ ഒരു ശല്യമാകുമ്പോള്‍ അത്‌ സമൂഹം കൈകാര്യം ചെയ്തുകൊള്ളും. അതിനായി നിയമങ്ങളുമുണ്ടായിക്കൊള്ളും!

നല്ലതും ചീത്തയും, ശരിയും തെറ്റുമെല്ലാം ഓരോവ്യക്തികളുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്‌ മാറുന്നു. ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തി തെറ്റായി മാറുന്നത്‌ അത്‌ തനിക്കോ മറ്റു വ്യക്തികള്‍ക്കോ സമൂഹത്തിനെ തന്നെയോ ദോഷകരമായി ബാധിക്കുമ്പോള്‍ മാത്രമാണ്‌. അല്ലാത്തിടത്തോളം അത്‌ അയാളുടെ (അവരുടെ) സ്വകാര്യതമാത്രമാകുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലിടപെടരുതെന്നുള്ള ന്യായമായ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊടുക്കലായി മാത്രം ഈനിയമത്തെ കണ്ടാല്‍ മതി. ഈനിയമത്തെ എന്തോ ഒരു വലിയ വിപത്ത്‌ എന്നനിലയില്‍ കാണേണ്ടകാര്യമൊന്നുമില്ല. ഈനിയമം ഒരുനിലയ്ക്കും ഒരു യതാര്‍ത്ഥ മതവിശ്വാസിയെ/ഈശ്വരവിശ്വാസിയെ/നിരീശ്വരവാദിയെ/മതേതരവാദിയെ ഏതെങ്കിലും വിധത്തില്‍ ഭയപ്പെടുത്തുന്നുവെന്ന് കരുതാനും ന്യായമില്ല! ഇത്തരത്തില്‍ സെക്സ്വല്‍ ഓറിയന്റേഷനുള്ള ആള്‍ക്കാരെ മറ്റൊരുതരം മതവിശ്വാസികളായി കണ്ടാല്‍ അവരുടെ സ്വകാര്യമായി കണ്ടാല്‍ പ്രശ്നം തീരും.

ഇതെഴുതുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടുവര്‍ഷമായിപീഢിപ്പിച്ചുകൊണ്ടിരുന്ന അഞ്ചുപ്രതികള്‍ അറസ്റ്റിലായതിന്റെ വിശദവിവരങ്ങള്‍ ടിവി യിലൂടെ കാണാനിടയായി (അഞ്ചുപ്രതികളും മുസ്ലിം നാമധാരികള്‍!). കാസര്‍കോഡാണ്‌ സംഭവം, പെണ്‍കുട്ടിയെ പ്രേമം നടിച്ച്‌ വലയിലാക്കുകയായിരുന്നുപോലും (കുറ്റപത്രം,മനോരമന്യൂസ്‌,06-07-09). ഇത്തരം മതവിശ്വാസികളാണ്‌ ഇന്ന് ഈനാടിന്റെ ശാപം. കാശുകൊടുത്തു വ്യഭിചരിക്കുന്നവനാണ്‌ എന്റെ കണ്ണില്‍ ഇവന്മാരേക്കള്‍ മാന്യന്മാര്‍. ഇത്തരം ക്രിമിനലുകളെയാണ്‌ മാതൃകാപരമായി ശിക്ഷിക്കേണ്ടത്‌.

Sunday, December 14, 2008

ഐ.ടി- സകല സാമൂഹിക തിന്മകള്‍ക്കും കാരണം!

ഇന്ന് കുറേനാളുകള്‍ കൂടി കുറച്‌ ബ്ലോഗുകള്‍ വായിച്ചു. അതില്‍ ചന്ദ്രികയിലെ ശരീഫിന്റെ ലേഖനം വായിച്ചപ്പോള്‍ ചിലതു പറയണമെന്നു തോന്നി, പറഞ്ഞു. അത്‌ ദാ ഇവിടെ!
ങ്ങനെയെങ്കിലും ഒന്ന് എഞ്ചിനീയറിംഗ്‌ കഴിചുകൂട്ടിയാ മാത്രം മതിയോ ശരീഫേ അഞ്ചക്കവും ആറക്കവുമൊക്കെ ശമ്പളമായിട്ടുകിട്ടാന്‍? ലോകം സാംസ്കാരികമായി അധ:പതിച്ചുപോയതുകൊണ്ടുമാത്രം പ്രസവിക്കാന്‍ ഭയക്കുന്ന താങ്കളുടെ പെണ്‍സുഹ്ര്ത്തിനെയോര്‍ത്ത്‌ പരിതപിക്കുന്നു, കഷ്ടം തന്നെ! ഇപ്പഴേ എവിടെയെങ്കിലും ഒന്നു കാണിക്കുന്നത്‌ നന്നായിരിക്കും. 'ഏതു സദാചാര ശിശുക്കളയാണ്‌ ഇത്രയ്ക്കും സമ്മര്‍ദ്ദത്തിലാക്കി വഴിതെറ്റിക്കുന്ന എന്തു സാഹചര്യത്തെക്കുറിച്ചാണ്‌ ശരീഫ്‌ വിലപിക്കുന്നത്‌? വഴിതെറ്റാനുള്ളവന്‍ ഒരു സാഹചര്യത്തിനും കാത്തുനില്‍കേണ്ടതില്ല. അതുപോലെ തെറ്റാത്തവന്‍ ഒരു സാഹചര്യത്തിലും തെറ്റുകയുമില്ല. ഐ.ടി രംഗവും സാങ്കേതികവിദ്യയുമൊക്കെ വളര്‍ന്നതിന്റെ ഗുണഫലംകൂടിയാണ്‌ ശരീഫ്‌ ഈപോസ്റ്റിട്ടതും ഇതുമാതിരി കമന്റുകള്‍ ഉടനടി കിട്ടുന്നതും. വെറുതേ ഐ.ടിയുമേയും സാങ്കേതികവളര്‍ച്ചയേയും തെറിപറഞ്ഞിട്ട്‌ വല്ലകാര്യവുമുണ്ടോ, കണ്ണടച്ചിരുട്ടാക്കാമെന്നല്ലാതെ?
ഏതായാലും നല്ലവണ്ണം തലമണ്ടകാഞ്ഞ്‌, ഊണും ഉറക്കവും, യവ്വനത്തിന്റെ നല്ലൊരുപങ്കുസമയവും കമ്പ്യൂട്ടറുകള്‍ക്ക്‌ മുന്‍പില്‍ ഹോമിച്ച്‌ വിദേശരാജ്യങ്ങളില്‍ നിന്നും കോടികള്‍ ഇന്‍ഡ്യയിലേക്കൊഴുക്കുന്ന കിട്ടുന്ന നൂറില്‍ 30 ഉം ഇത്തരത്തില്‍ തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കും കൂടിവേണ്ടി ടാക്സായി നല്‍കുന്ന, തൊഴിലുറപ്പില്ലാത്ത, തൊഴില്‍ അവകാശങ്ങളോ, സംഘടനകളോ ഇല്ലാത്ത, ജോലിനഷ്ടപ്പെട്ടാലോ, അപകടം സംഭവിച്ചാലോ ടാക്സ്‌ പിഴിഞ്ഞു വാങ്ങുന്ന സര്‍ക്കാരോ പോലും തിരിഞ്ഞുനോക്കാത്ത പാവം ഐ.ടി തൊഴിലാളിയെ ഉപദ്രവിക്കണോ? അവനാണോ ഈപറയുന്ന സാംസ്കാരികച്യുതിക്ക്‌ മൂല ഹേതു? അവനെ ഇത്തരത്തില്‍ ഒരു 'അഭിനവ മുതലാളിയാക്കി' ചിത്രീകരിക്കേണ്ട കാര്യമുണ്ടോ? ബാംഗളൂരാണോ ഇന്‍ഡ്യയുടെ സാംസ്കാരിക അധ:പതനകേന്ദ്രം? പണം എങ്ങനെയുണ്ടാക്കണമെന്ന് അവനറിയാമെങ്കില്‍ താമസിയാതെ തന്നെ എങ്ങനെ ചിലവഴിക്കണമെന്നുകൂടി അവന്‍ പഠിച്ചുകൊള്ളും.
മയക്കുമരുന്ന് , മദ്യം , പരസ്ത്രീ ഗമനം ഇവമൂന്നും ഐ.ടി തൊഴില്‍ മേഘല ഇന്‍ഡ്യയില്‍ വന്നതിനുശേഷം ഉണ്ടായ സാമൂഹിക വിപത്തുകള്‍ തന്നെ സംശയമില്ല! എത്രയും വേഗം ഐ.ടി രംഗം മുടിഞ്ഞാല്‍ ഈവക സാമൂഹിക വിപത്തുകള്‍ക്ക്‌ തടയിടാം. ആ ഒരു സാമൂഹിക നന്മയെ ലക്ഷ്യമിട്ടാണല്ലോ നമ്മുടെ സാമൂഹിക പരിഷ്കരണ സംഘടകള്‍ ഇപ്പോള്‍ ഐ.ടി , വ്യവസായ തലസ്ഥാനങ്ങളില്‍ പടക്കം പൊട്ടിച്‌ ഇത്തരം സാമൂഹിക തിന്മകളില്‍ നിന്നും ആളെയകറ്റാന്‍ പാടുപെടുന്നത്‌! ഈലിസ്റ്റിലെ ആദ്യത്തെ ഇനമായ മയക്കുമരുന്ന് (കറപ്പ്‌) ഏറ്റവും കൂടുതല്‍ ക്ര്ഷിചെയ്യുകയും , അങ്ങനെ കിട്ടുന്ന പണമുപയോഗിച്ച്‌ (അ)സാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന താലിബാനാകട്ടെ നമുക്ക്‌ അനുകരണീയമായ മാതൃക! അപ്പോള്‍ സാങ്കേതികവിദ്യ തോക്കിന്റെയും വെടിക്കോപ്പുകളുടേയും കാര്യത്തില്‍ മാത്രം ഒതുക്കാം. യാത്രയൊക്കെ കഴുതപ്പുറത്ത്‌ മാത്രമാക്കാം. എന്നാലെങ്കിലും തീരട്ടെ ഈ നശിച്ച സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള സാമൂഹിക അധ:പതനം!

Monday, February 4, 2008

ഹരികുമാറും, ഞാനും,കുറെ കമന്റുകളും

കഴിഞ്ഞ രണ്ടുദിവസത്തെ ചില കമന്റുകള്‍ സ്വരൂപിച്ചത്‌.
സുകുമാരേട്ടാ, ഞാന്‍ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്‌ താങ്കള്‍. ഹരികുമാരിന്റെ ബ്ലോഗുകളോ, കലാകൗമുദിയില്‍ അച്ചടിച്ചു വരുന്ന അദ്ദേഹത്തിന്റെ സൃഷ്ടികളോ ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാന്‍ കമന്റും ഇട്ടിട്ടില്ല. അദ്ദേഹം എഴുതിയതെന്തെങ്കിലും ആദ്യമായി വായിച്ചത്‌ അഞ്ചല്‍ക്കാരന്‍ ഇട്ട പോസ്റ്റിലെ സ്കാന്‍ ചെയ്ത പേജാണ്‌. എന്നാല്‍ സ്ഥിരമായിട്ടല്ലെങ്കിലും, ലാപുടയേയും, വിത്സന്റേയും ബ്ലോഗുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. എനിക്ക്‌ ബൂലോകത്തിലെ മെംബര്‍ഷിപ്പുമില്ല, പക്ഷേ ആ പേജുകളില്‍ ഹരികുമാര്‍ യാതൊരടിസ്ഥാനവുമില്ലാതെ, ലാപുട,ഹേമ,ചിത്രകാരന്‍ എന്നീ ഊരും പേരുമൊന്നുമില്ലാത്ത ബ്ലോഗര്‍ ഐഡികള്‍ തെറിവിളിക്കാനായി മാത്രം ഉണ്ടാക്കിയതാണെന്ന് എഴുതുകയും, സ്വയം അവതാരികയെഴുതി കവിതയെഴുതാന്‍ അറിയുന്നവനെന്ന് അംഗീകരിച്ച വിത്സനെക്കുറിച്ച്‌ തനിക്ക്‌ അനുകൂലമായി കമന്റിടാത്തതിനാല്‍ 'ഒരുവരിയെങ്കിലും നേരേചൊവ്വേ എഴുതാനറിയാത്ത..' എന്നര്‍ത്ഥത്തില്‍ പറയുകയും ചെയ്തപ്പോള്‍ അതു പ്രസിദ്ധീകരിച്ച കൗമുദിയേക്കാളും ഉള്ളതുപറയാമല്ലോ എനിക്ക്‌ ദേഷ്യം തോന്നിയെന്നത്‌ മറച്ചുവെക്കാന്‍ കഴിയാത്ത സത്യം മാത്രമാണ്‌. അതുകൊണ്ടാണ്‌ ആവിഷയത്തെക്കുറിച്ചുള്ള എന്റെ കമന്റില്‍ അദ്ദേഹത്തെ ശക്തമായി തന്നെ വിമര്‍ശിച്ചത്‌.അതില്‍ എനിക്ക്‌ തെല്ലും ദു:ഖമില്ല. പറയാനുള്ളത്‌ ആരുടെനേര്‍ക്കായാലും സത്യസന്ധമായി പറയുക എന്നത്‌ എന്റെ ശീലമാണ്‌. അതിന്റെ പേരില്‍ ധാരാളം നല്ല സുഹൃത്തുക്കളെ പലപ്പോഴും വിഷമിപ്പിച്ചിട്ടുമുണ്ട്‌. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ചിലര്‍ക്കുവേണ്ടി, ഇന്നുവരെ കണ്ടിട്ടില്ലാത്ത ഹരികുമാറിനെ വിമര്‍ശിച്ചതും അതുപോലെ തന്നെ.താങ്കള്‍ ഈ പറഞ്ഞ രാജേഷ്‌ ഒന്നുകില്‍ വ്യത്യസ്തതകൊണ്ട്‌ ശ്രദ്ധനേടാന്‍ ശ്രമിച്ചു അല്ലെങ്കില്‍ ഹരികുമാറിനോടുള്ള വ്യക്തിബന്ധം അന്ധമായി അദ്ദേഹത്തെ പിന്താങ്ങാന്‍ ശ്രമിച്ചു എന്നത്‌ നിഷ്പക്ഷമായി നോക്കുന്ന ഏതൊരാള്‍ക്കും തോന്നേണ്ടതാണ്‌. അല്ലെങ്കില്‍ ഹരികുമാറിന്റെ ലാലുടയേയും വിത്സനേയുമൊക്കെ അപഹസിച്ചതില്‍ എന്തുകൊണ്ട്‌ ഈ രാജേഷ്‌ ഒരഭിപ്രായവും പറഞ്ഞുകണ്ടില്ല? അല്ലെങ്കില്‍ ലാപുട എന്ന ഐഡി തെറിപറയാന്‍ ഉണ്ടാക്കിയതാണെന്നുള്ള ഹരികുമാറിന്റെ ആക്ഷേപത്തോടുള്ള 'രാജേഷി'ന്റെ അഭിപ്രായംവ്യക്തമാക്കട്ടെ. ഏതായാലും ഞാന്‍ ഇക്കാര്യത്തില്‍ പക്ഷപാതിയാണ്‌(ഹരികുമാറിനോടൊപ്പമല്ല). ഭൂരിപക്ഷം എങ്ങനെയെന്നുനോക്കി അഭിപ്രായം പറയുന്ന സ്വഭാവവും എനിക്കില്ല. പക്ഷേ പറയാനുള്ളത്‌ പറഞ്ഞാല്‍ കഴിഞ്ഞു. അത്രതെന്നെ, പിന്നെ അത്‌ മനസ്സില്‍ ചുമന്നുകൊണ്ട്‌ നടക്കുന്ന സ്വഭാവവും എനിക്കില്ല. ചിലപ്പോള്‍ നാളെ ഹരികുമാര്‍ തന്നെ നാളെ എനിക്കിഷ്ടപ്പെട്ട ഒരു പോസ്റ്റിട്ടാല്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു എന്നും വരും. അതുപോലെ തന്നെ എനിക്കിഷ്ടപ്പെട്ടതായാലും അല്ലെങ്കിലും മറ്റൊരാളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനെ ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു. താങ്കള്‍ക്ക്‌ ശരിയെന്ന് തോന്നുന്നത്‌ താങ്കള്‍ പറയുക. അത്‌ ഇനി എനിക്ക്‌ യോജിക്കാനാകാത്തതായാല്‍ പോലും, അതു പ്രകടിപ്പിക്കാനുള്ള താങ്കളുടെ അവകാശത്തോടൊപ്പം ഞാന്‍ ഉണ്ടാകും. സ്നേഹാദരങ്ങളോടെ,
മഹീ, അപ്പുവേട്ടന്‍ ചോദിച്ച ചോദ്യത്തിന്‌ അടിവരയിടുന്നു. ഇത്രമനോഹരമായി പ്രണയത്തെ വാക്കുകളിലൂടെ വരയ്ക്കാന്‍ കഴിയണമെങ്കില്‍ താങ്കളും പ്രണയിച്ചിരിക്കണം, അല്ലെങ്കില്‍ പ്രണയിക്കുന്നു?. അമ്മയോട്‌ പറയണോ? ;).'അനു ഭൂതി' ഒറ്റവാക്കാക്കുക. പിന്നെ 'സൂര്യ താപങ്ങള്‍' എന്നത്‌ ഒരു തിരോന്തരം എഫക്റ്റ്‌ കൊടുത്തതാണോ? സൂര്യ താപമല്ലേ കുറേക്കൂടെ നല്ലത്‌? പിന്നെ 'ആഴി തിരകള്‍പോലെ നിഗൂഡമാം' സ്പെല്ലില്‍ംഗ്‌ ചെക്ക്‌ ചെയ്യുക, എന്റെ ഊഹം 'നിഗൂഢത' ആയിരിക്കാമെന്നണ്‌, നല്ല ഉറപ്പില്ല! പിന്നെ, മഹീ കവിത നന്നായിരിക്കുന്നു.താങ്കള്‍ക്ക്‌ ലളിതമായ, മനുഷ്യനു മനസ്സിലാകുന്ന വരികളെഴുതാന്‍ കഴിവുണ്ട്‌. എഴുതിയെഴുതി തെളിയുക. 'തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും, വാച്ചിടും കല്ലുകള്‍...' എന്നാണല്ലോ.
മഹീ ഒരു സംശയം, തുലാം മാസത്തില്‍ ഇടിവെട്ടുമോ? ഇടവപ്പാതിയിലല്ലേ തകര്‍പ്പന്‍ ഇടി വെട്ടി മഴപെയ്യുന്നത്‌? തുലാവര്‍ഷം അങ്ങനെ നിന്നു പെയ്യുകയല്ലേ തുള്ളി മുറിയാതെ? രണ്ടുമാസത്തെ വലിയ അവധി (മീനം,മേടമാസം) കഴിഞ്ഞ്‌ വരുന്ന ഇടവപ്പാതിയിലല്ലേ ഇടിയുടെ പൂരം? പണ്ട്‌ ഇടി വെട്ടുമെന്ന പേടി കൂടാതെ തുലാവെള്ളത്തിന്‌ ചാടി വീഴുന്ന വരാല്‍ മത്സ്യത്തെ പിടിക്കാനും, വലവീശുന്നതു കാണാനും പോയിട്ടുള്ളതായി ഓര്‍മ്മവരുന്നു.സത്യം പറഞ്ഞാന്‍ ഇന്നും ഇടിവെട്ടുന്നത്‌ പേടിയാണ്‌ കേട്ടോ. പിന്നെ 'ചിത്ര ശലഭം' എന്ന സിനിമയിലെ ഒരു ഗാനത്തില്‍ 'ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും, മാനം ചിരിയുതിര്‍ക്കും, മിന്നലാല്‍ മാനം ചിരിയുതിര്‍ക്കും...' എന്നും കേട്ടിരുന്നു. ചിലപ്പോള്‍ തുലാവര്‍ഷ മേഘങ്ങളും ഇടിയുണ്ടാക്കുമായിരിക്കും അല്ലേ :)? ഏതായാലും കുട്ടിക്കവിത നന്നായിരിക്കുന്നു കേട്ടോ
ഗീതാഗീതികള്‍, നന്ദി സംശയം ദൂരീകരിച്ചതിന്‌. മഹീ ചോദ്യം പിന്‍വലിച്ചിരിക്കുന്നു. :)

ടീച്ചറേ,ആദ്യമായാണിവിടെ. സ്ത്രീശബ്ദം തുടര്‍ന്നും കേള്‍ക്കട്ടെ. നാസറിന്റെ കഥ നന്നായിരിക്കുന്നു. ഇതില്‍ പാവം നാസര്‍ എന്തുപിഴച്ചു? അവന്റെ ഉള്ളില്‍ കിടന്ന മദ്യവും, പിന്നെ ആ കുടുമ്മത്തില്‍ പിറന്നവളുടെ തുടയും കൂടി അവന്റെ കെട്ടുപൊട്ടിച്ചതല്ലേ? പാവം നാസര്‍! ഏതായാലും പൊട്ടീര്‌ കിട്ടാതെ രക്ഷപെട്ടത്‌ ഭാഗ്യം!:):)
അപ്പുവേട്ടാ, എനിക്കും ഇത്തരം കുട്ടിക്കവിതകളാണിഷ്ടം. വായിക്കാന്‍ രസവും, താളവും, മനസ്സിലാക്കാന്‍ എളുപ്പവുമുള്ള നല്ല ഒന്നാന്തരം കവിത. ഇനിയും പോരട്ടെ:)
ടീച്ചറെ എന്നെങ്കിലു കണ്ടുമുട്ടട്ടെ എന്നാശംസിക്കുന്നു. പിന്നെ കൈതമുള്ളിന്റെ അഭിപ്രായത്തിനൊരൊപ്പ്‌. ഗുരുത്വം കൊണ്ട്‌ ഒരിക്കലും ദോഷം വരില്ല.:)

"മരുഭൂമിയിലെ താറാവ്..!"

പ്രയാസീ,പൂവന്‍ താറാവിനെ കാണിച്ചിട്ട്‌, തിളങ്ങുന്ന സുന്ദരി എന്ന് വിശേഷിപ്പിച്ചതില്‍ സുന്ദരന്മരായ ആണ്‍വര്‍ഗ്ഗത്തിന്റെ ശ്ക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു! ഫെമിനിസ്റ്റുകള്‍ വല്ലവരും ഉണ്ടെങ്കില്‍ ഞാന്‍ ഓടി! താറാവുകള്‍ ഉഗ്രന്‍, കണ്ടിട്ട്‌ നാവില്‍ വെള്ളമൂറുന്നു! ( വെറുതേപറഞ്ഞതാ, പാവങ്ങള്‍). പടങ്ങള്‍ നന്നായിട്ടുണ്ട്‌. ആശംസകള്‍

"സഖീ അറിയുന്നുവോ നീ എന്നെ?"

നഷ്ടപ്പെടുന്നതെന്തും ദുഖകരം തന്നെ, പക്ഷേ ഒട്ടും ആഴമില്ലാത്ത, കേവലം പേരിനുമാത്രമുണ്ടായിരുന്ന അതും വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു സൗഹൃദം, ആസുഹൃത്ത്‌ തന്നെ മറന്നു എന്നറിയുമ്പോള്‍ ഉള്ളില്‍ ചോര പൊടിയുകയോ? അത്ഭുതം തന്നെ താങ്കളുടെ സൗഹൃദം!എന്തോ അതു ദഹിക്കുന്നില്ല.( വളരെ നീണ്ടകാലത്തെ ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ ഉണ്ടന്നുള്ള എന്റെ അഹങ്കരമാകും കാരണം) ഏതായാലും അതുകൊണ്ട്‌ നല്ല ഒരു കവിതയുണ്ടാകുന്നുവെങ്കില്‍ അതും നല്ലതുതന്നെ! പക്ഷേ മറവി, കാലം.. എല്ലാ മുറിവുകളേയും ഇല്ലാതാക്കും.

"ചില മുട്ടായി വര്‍ത്തമാനങ്ങള്‍"

“നാളെ മുതല്‍ എനിക്കു മുട്ടായി വേണ്ട..”ഇത്‌ മനസ്സില്‍ കൊണ്ടു. ഇനിയും എഴുതൂ നന്നായിരിക്കുന്നു. ആശംസകള്‍.

"ബാല്യം"

ഒരു പേരിലെന്തിരിക്കുന്നു എന്നതിനെച്ചൊല്ലി ഇപ്പോഴും പലവിധ തര്‍ക്കങ്ങള്‍ നടക്കുന്നു.പേര്‌ വലിയ ഒരു ആകര്‍ഷണ ഘടകമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു :) എഴുത്ത്‌ ഉഷാറായി നടക്കട്ടെ. സ്വാഗതം.പക്ഷേ ഒരു ഇവിടെ പലരും ഒരു കാര്യം ചൂണ്ടിക്കാണിച്ചത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ, പരസ്യം ചെയ്യലൊക്കെ കൊള്ളാം, കുറഞ്ഞപക്ഷം എവിടെയാണോ പരസ്യം ചെയ്യുന്നത്‌ അവിടുത്തെ ആ പോസ്റ്റ്‌ ഒന്നു വായിച്ചുനോക്കാനോ,അതിനെപ്പറ്റി ഒരക്ഷരമെങ്കിലും പറയാനോ മിനക്കെടാതെ പരസ്യമൊട്ടിക്കുന്നത്‌ ആര്‍ക്കും അത്ര താല്‍പര്യമുണ്ടാക്കുന്ന ഒന്നല്ല. അല്ലെങ്കില്‍ ഓഫ്‌ ടോപ്പിക്കാണ്‌ പറയുന്നതെന്ന് പറയാനോ ഉള്ള ഒരു സാമാന്യ മര്യാദ കാണിക്കുന്നത്‌ നല്ലതായിരിക്കും. പുതിയതായി വരുന്ന ആള്‍ക്കാരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു എന്നൊന്നും പരാതികേള്‍ക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ്‌ എല്ലാവരും സൗമ്യമായി ഇക്കാര്യം പറഞ്ഞത്‌. ശ്രദ്ധിക്കുമെന്നു കരുതുന്നു.എന്റെപോസ്റ്റിനിട്ട ആ കമന്റ്‌, പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഞാന്‍ അങ്ങു ഡിലീറ്റുന്നു.

"ഓസിനു കിട്ടിയ ആസിഡ്"

ഇത്‌ കൊള്ളാം. വെറുതേ കിട്ടുന്നതൊന്നും വാങ്ങി പോക്കറ്റിലിടരുത്‌. അതു ചിലപ്പോള്‍ വേലിയിലിരിക്കുന്ന പാമ്പിന്റെ സ്വഭാവം കാണിക്കും. നല്ല ഓര്‍മ്മപ്പെടുത്തല്‍. കിട്ടാനുള്ളത്‌ കിട്ടിയില്ലെങ്കില്‍ എന്നൊരു ചൊല്ലുണ്ട്‌!

"ഇതൊന്നു നോക്കൂ..."

നന്ദാ, ഇതു കൊള്ളാമല്ലോ തകര്‍പ്പന്‍ സംഭവം തന്നെ. ഭാര്യവീട്‌ കൊല്ലത്തായതിനാല്‍ ഇനിയെനിക്ക്‌ ബാംഗളൂരില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്ര എത്രയെളുപ്പമായി! ഇതുവരെ പാലക്കാട്ടുനിന്നും തെക്കോട്ട്‌ ത്രിശ്ശൂര്‍, എറണാകുളം, ആലപ്പുഴ ഒക്കെ കഴിഞ്ഞ്‌ പോകണമായിരുന്നു.ഇനി കൊല്ലം വടക്കോട്ടു മാറ്റിയതുകാരണം വളരെ സൗകര്യമായി. ഇനി യാത്രചെയ്ത്‌ ബുദ്ധിമുട്ടേണ്ടല്ലോ. ഇതേമാതിരി ബാംഗളൂര്‍ ഒന്ന് കായംകുളത്തേക്ക്‌ മാറ്റിയിരുന്നെങ്കില്‍ വളരെ സൗകര്യമായിരുന്നു! ജോലിയ്ക്ക്‌ പോകാനും തിരിച്ച്‌ വീട്ടിലെത്താനും ഒരു സൈക്കിള്‍ മതിയായിരുന്നു! ഈ റിയല്‍ടേഴ്‌സിനോട്‌ പറഞ്ഞാല്‍ പോരേ?ഞാന്‍ ഏതായാലും ഇന്‍ഡ്യാവിഷനിലുള്ള ഒരു സുഹൃത്തിനെ വിവരം അറിയിച്ചു. താങ്കളുടെ ബ്ലോഗ്‌ ലിങ്കും കൊടുത്തിട്ടുണ്ട്‌.അവര്‍ വാര്‍ത്തയില്‍ കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു!

"ഒറ്റ നാനോ മത്തി!"

മഹീ, നിങ്ങള്‍ നനോ തന്നെ എടുക്കൂ. കൂടാതെ വീട്ടിലുള്ള എല്ലാവര്‍ക്കും ഓരോന്ന് വാങ്ങി കൊടുക്കൂ! ഇനിയിപ്പോള്‍ വല്യ വല്യ ആള്‍ക്കാള്‍ കുട്ടികള്‍ക്ക്‌ സൈക്കിള്‍വാങ്ങിക്കൊടുക്കുന്നതിനുപകരം നാനോ ആയിരിക്കും വാങ്ങിക്കൊടുക്കുക!. എല്ലാവരും കാറുകാരാകട്ടെ! മൊബെയില്‍ ഫോണ്‍ പോലെ സാര്‍വത്രികമാകട്ടെ. രാജ്യം പുരോഗമിക്കട്ടെ. വാങ്ങുന്നുണ്ടെങ്കില്‍ അത്‌ ഏറണാകുളത്ത്‌ തന്നെ വേണം ഉപയോഗിക്കാന്‍. ആര്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ കാറുകളുടെ മുകളിലൂടെ ഓടുന്ന ഒരു സീനുണ്ട്‌, അതുപോലെ നമുടെ പിള്ളേര്‍ക്ക്‌ എം.ജി റോഡിലും , മറൈന്‍ ഡ്രൈവിലുമെല്ലാം ഭാവിയില്‍ നാനോകള്‍ക്കു മുകളിലൂടെ ഓടിക്കളിക്കാം! അങ്കവും കാണാം താളിയുമൊടിക്കാം , കച്ചവടവും നടക്കും, യാത്രയും ചെയ്യാം. ബുക്കുചെയ്യുമ്പോള്‍ എനിക്കും കൂടിയൊന്ന്!




Tuesday, January 29, 2008

പഴയ എച്ച്‌.എം.ടി ഇപ്പോഴും ഓടുന്നു...

പഴയ എച്ച്‌.എം.ടി ഇപ്പോഴും ഓടുന്നു... മന്ത്രിമാരെയും മന്ത്രിസഭയേയും ചുറ്റിക്കുന്നു!
കിരണിന്റെ
എന്ന പോസ്റ്റിന്‌ എഴുതിയ കമന്റുകള്‍
1. കിരണേ, യൂണിയനുകള്‍ എന്തെല്ലാം പറഞ്ഞു ന്യായീകരിച്ചാലും, പാവപ്പെട്ട ജനങ്ങളെ കുടിയിറക്കി
ഏറ്റെടുത്ത സംസ്ഥാന ഗവണ്മെന്റിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി നിയമം മറികടന്നാണ്‌ ബോംബെ ഏഡിഷനില്‍ മാത്രം പരസ്യവും നല്‍കി വേണ്ടപ്പെട്ട ചില 'ഭൂസ്വാമി'മാര്‍ക്ക്‌ ഐ.ടി കൃഷിയിറക്കാനെന്ന പേരില്‍ ചുളുവിലയ്ക്ക്‌ തീറെഴുതാന്‍ കുറേ കഴുവേറി മക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന്, കണ്ടതും കേട്ടതുമായ വിവരങ്ങള്‍വെച്ച്‌ തലയ്ക്കകത്ത്‌ കളിമണ്ണ്‌ അല്ലാത്ത ഏതൊരാളിനും മനസ്സിലാക്കാവുന്നതേയുള്ളൂ.അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞതും, നിയമമന്ത്രി വിജയകുമാര്‍ പറഞ്ഞതും ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതിന്റെ പേരില്‍ ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തികച്ചും ന്യായമാണ്‌. ഹൈക്കോടതി ഇക്കാര്യത്തില്‍ എന്തുപറയുന്നുവെന്നു കൂടി നോക്കാം. ഭൂമി തിരിച്ചെടുക്കാനുള്ള ആര്‍ജ്ജവം ഗവണ്‍മന്റ്‌ കാണിക്കുകയും ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ നടപടിയെടുക്കാനും കഴിയില്ലെങ്കില്‍ അച്ചുതാനന്ദന്‍ രാജിവെച്ചു പോകുകയാണ്‌ ഏറ്റവും നല്ലത്‌.
2. കിരണേ, ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന രണ്ടായിരത്തിയാറില്‍ ഏകദേശം മാര്‍ക്കറ്റ്‌ വിലയ്ക്ക്‌ തുല്യമായ വിലനല്‍കിയാണ്‌ ബ്ലൂസ്റ്റാര്‍ എച്ച്‌.എം.ടിയുടെ കൈവശമിരിക്കുന്ന ഭൂമി വാങ്ങാന്‍ ശ്രമിച്ചതെന്നവാദം ശരിയായാല്‍ തന്നെയും, കേരളത്തിനകത്ത്‌ പരസ്യം ചെയ്താലും ഇതില്‍ കൂടുതലൊന്നും കിട്ടാന്‍ സാദ്ധ്യതയില്ലെന്നുള്ള ഊഹം അല്‍പം കടന്നൗപോയില്ലേ? അതോ കേരളത്തില്‍ ഇത്രയും പണം മുടക്കി ഇതു വാങ്ങാന്‍ കഴിവുള്ളവരാരും ഇന്നുജീവിച്ചിരിപ്പില്ല്ലെന്നങ്ങു കരുതിയോ? ഇനി ഒരുപക്ഷേ അങ്ങനെ കേരളത്തില്‍ ഇതുവാങ്ങാന്‍ ആമ്പിയറുള്ള ആരുമില്ലെങ്കില്‍ തന്നെ പ്രവാസികളായ മലയാളികളാരെങ്കിലും താല്‍പര്യം കാട്ടിക്കൂടെന്നില്ലല്ലോ? വില്‍കുന്നവനെ സംബധിച്ചിടത്തോളം വില്‍പനച്ചരക്കിന്‌ പരമാവധി വില കിട്ടുക എന്ന സാമാന്യ കച്ചവടതന്ത്രം പരിഗണിക്കുകയാണെങ്കില്‍ പരമാവധി ആവശ്യക്കാരിലേക്ക്‌ പരസ്യം എത്തിക്കുകയാണ്‌ അതിനുള്ള പോംവഴിയെന്നത്‌ കേവലം തെരുവുകച്ചവടക്കാരനും അറിയുന്ന ഒന്നായിരിക്കും.ഒരു വസ്തു വില്‍പനയ്ക്ക്‌ വന്നാല്‍ പ്രദേശവാസികള്‍ക്കായിരിക്കും അതുകൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ഭലപ്രദമെന്നിരിക്കെ നാട്ടിലാരുമറിയേണ്ട, ബോംബേ ക്കാരെ മാത്രമറിയിച്ചാല്‍ മതി, നാട്ടിലുള്ള എരപ്പാളികളൊന്നിന്റെയും കയ്യില്‍ ഒരു പിണ്ണാക്കുമില്ല, ഉണ്ടെങ്കില്‍ തന്നെ കാശ്‌ മുടക്കാന്‍ തയ്യാറാകില്ലെന്നൊക്കെയുള്ള നിഗമനങ്ങള്‍ അത്ര ശരിയാണെന്നു തോന്നുന്നുണ്ടോ? ഇത്തരം നിഗമനങ്ങള്‍ ആരെടുത്തു? അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെ എന്നത്‌ സംശയമുണര്‍ത്തുന്ന ഒന്നാണ്‌. അധവാ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സ്വാഭാവികമായി സംഭവിച്ച കാര്യമാണെങ്കില്‍ പിന്നെയെന്തിന്‌ ഭൂമിവില്‍പനയ്ക്കായി ഇത്രയും കാലം കാത്തിരുന്നു? അന്ന് രണ്ടായിരത്തി ആറില്‍ തന്നെ കച്ചവടം ഉറപ്പിക്കാമായിരുന്നില്ലേ? റവന്യൂ വകുപ്പ്‌ പോക്കുവരവുചെയ്യാത്ത ഭൂമി മറ്റാര്‍ക്കെങ്കികും വില്‍പന നടത്താന്‍ ഇന്‍ഡ്യയില്‍ സാധിക്കുമോ? അന്ന് ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും കരാര്‍ ഉറപ്പിച്ച്‌ അഡ്വാന്‍സ്‌ വാങ്ങിയിട്ടില്ലെങ്കില്‍, ഇന്ന് എച്ച്‌.എം.ടിക്ക്‌ ഭൂമിവില്‍ക്കാന്‍ നിയമപ്രകാരം കഴിയുമെങ്കില്‍ കൂടിയും ഇന്നത്തെ മാര്‍ക്കറ്റ്‌ വില ബാധകമാകാതിരിക്കുന്നതെങ്ങനെ? അന്ന് വിലനിശ്ചയിച്ച്‌ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എന്റെ ഈ വാദം പിന്‍വലിക്കുന്നു. ഇനി രണ്ടാമത്തെ കാര്യം, എച്ച്‌.എം.ടി യ്ക്ക്‌ നിയമപ്രകാരം ഭൂമി എന്താവശ്യത്തിനു വേണമെങ്കിലും എങ്ങനെയും കൈകാര്യം ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച്‌. ഇതിപ്പോള്‍ വളരെ വ്യക്തമായി നിയമവകുപ്പിന്റെ നിലപാടുകളില്‍ നിന്നും, അഡ്വക്കേറ്റ്‌ ജനറലിന്റെ ഇന്നത്തെ ഹൈക്കോടാതി സത്യവാങ്മൂലത്തില്‍ നിന്നും മനസ്സിലാകുന്നത്‌, അതിനു തീരെ നിയമസാദ്ധ്യതയില്ലെന്നും, എച്ച്‌.എം.ടി യ്ക്ക്‌ ഭൂമി വില്‍ക്കാന്‍ യാതൊരവകാശവുമില്ലെന്നും, സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്നുമാണല്ലോ? അങ്ങനെയെങ്കില്‍ വളരെ നേരുത്തേ തന്നെ നിയമവകുപ്പ്‌ പുറപ്പെടുവിച്ചിരുന്ന ഈ നിയമോപദേശത്തെ മറികടന്ന് ഭൂമിക്ക്‌ പോക്കുവരവു നടത്താന്‍ കരീമും, രാജേന്ദ്രനും കൂടി നടത്തിയ മീറ്റിംഗില്‍ എങ്ങനെ സാധിച്ചു? യൂണിയനുകളുടെ അനുവാദം മാത്രമേ ഇക്കാര്യത്തില്‍ ഉത്തരവാദമുള്ള ഒറി സര്‍ക്കരിന്‌ വേണ്ടതുള്ളൂ? ഇത്തരത്തില്‍ പോക്കുവരവു നടത്തി വില്‍പനയ്ക്ക്‌ കളമൊരുക്കാന്‍ ഇവര്‍ക്കധികാരമുണ്ടോ? നിയമവകുപ്പിന്റെ ഉത്തരവിനെ മറച്ചുവെയ്ക്കുകവഴി രാജേന്ദ്രനും, കരീമും, കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയല്ലേ ചെയ്തത്‌? അവരിക്കാര്യമൊന്നും പരിശോധിച്ചിരുന്നില്ലെങ്കില്‍,അല്ലാതെ യാണിതിനൊക്കെ ഒത്താശചെയ്തതെന്നു വാദിച്ചാലും അധികാരത്തില്‍ തുടരാന്‍ ഇവര്‍ക്കവകാശമുണ്ടോ? ഇതുകൊണ്ടൊക്കെയാണ്‌ ചില കഴുവേറിമക്കള്‍ നാടുനന്നാക്കാനിറങ്ങിയിരിക്കുന്നു എന്നു പറഞ്ഞുപോയത്‌.
3. കിരണ്‍, ക്ഷമിക്കുക, രണ്ടുപ്രാവശ്യവും ലിങ്ക്‌ ശരിയായ രീതിയില്‍ വന്നില്ല ലിങ്കുകള്‍ താഴെ ക്കൊടുക്കുന്നു. ആവര്‍ത്തിച്ച കമന്റുകള്‍ ദയവായി ഡിലീറ്റുമല്ലോ.
4. കിരണേ,ബ്ലൂസ്റ്റാര്‍ ഇതിനിടയില്‍ പെട്ടുപോയി എന്ന നിരീക്ഷണത്തോട്‌ യോജിക്കുന്നു, എന്നാലും കോടതി വിധി എന്തായിരുന്നാലും അവര്‍ക്ക്‌ അവരുടെ കാശ്‌ ഊരാന്‍ പറ്റിയ പഴുതുകള്‍ ഉണ്ടാകും. സ്ഥലം കിട്ടിയില്ലെങ്കില്‍ പലിശസഹിതം കൊടുത്ത പണവും ഈടാക്കി അവര്‍ ഒരു വന്‍ തുക നഷ്ടപരിഹാരവും ആവശ്യപ്പെട്ട്‌ ഒരു കേസും പ്രതീക്ഷിക്കാം.പിന്നെ കമ്മീഷന്‍ അമുക്കിയ ചിലവിദ്വാന്മാരുടെ കാര്യം, ഇരുമ്പ്‌ കുടിച്ച വെള്ളം എത്ര പിഴിഞ്ഞാലും കവിട്ടുമോ എന്നത്‌ ബ്ലൂസ്റ്റാറിന്‌ കണ്ടറിയാം. എന്തായാലും ഭരണം ഒന്നാംതരം തന്നെ. കോഗ്ഗ്രസ്സുകാരെ കടത്തിവെട്ടിക്കളഞ്ഞു. ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ലെന്നുമാത്രം!മന്ത്രിമാര്‍ക്ക്‌ കൂട്ടുത്തരവാദിത്വം മാത്രമല്ല ഒരുത്തരവാദിത്വവുമില്ലെന്ന് കരീമിന്റെ 'നിയമവകുപ്പിന്റെ ഉപദേശം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന' പ്രസ്ഥാവനയോടെ മനസ്സിലാക്കാം. ഇത്തരത്തില്‍ ചെയ്യുന്ന ജോലിയോട്‌ യാതൊരുത്തരവാദിത്വവുമില്ലാത്ത മന്ത്രിമാര്‍ ജനങ്ങള്‍ക്കൊരു ഭാരം തന്നെയല്ലേ?
5. കിരണേ, അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ കരീമിനും, രാജേന്ദ്രനുമിട്ടൊരു പണികൊടുക്കാന്‍ വേണ്ടിയാണ്‌ വിജയകുമാര്‍ നിയമവകുപ്പ്‌ വ്യവസായവകുപ്പിനും, റവന്യൂവകുപ്പിനും (വ്യവസായവകുപ്പ്‌ ആവശ്യപ്പെട്ട്‌ വാങ്ങിയ) നിയമോപദേശം പരസ്യമായി പ്രഖ്യാപിച്ചതെന്നു കരുതണം അല്ലേ? ഇത്തരമൊരു നിയമോപദേശം ലഭിച്ചിട്ടും അതു ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്താവന നടത്തിയ കരീമിനേയും രാജേന്ദ്രനേയും, ഫോളോ അപ്പ്‌ ചെയ്ത്‌ 'ശ്രദ്ധയില്‍ പെടുത്തി' ഭൂമി സര്‍ക്കാരിനേക്കൊണ്ട്‌ ഏറ്റെടുപ്പിക്കുന്നത്‌ വരെയുള്ള ചുമതല നിയമവകുപ്പിന്റേയും, വിജയകുമാറിന്റേയും, അതു കൊള്ളാം.കരീമിന്റെയും, രാജേന്ദ്രന്റേയും'ശ്രദ്ധയില്ലായ്മ'യ്ക്ക്‌ ഒരു പ്രശ്നവുമില്ല. ഇത്തരത്തില്‍ ട്രേഡ്‌യൂണിയനുകള്‍ ഇടപെടുകയും, പോക്കുവരവ്‌ നടത്തല്‍ മരവിപ്പിക്കുകയും ചെയ്തിരുന്ന ഭൂമി, അപ്രതീക്ഷിതമായി ഈ രണ്ട്‌ മന്ത്രി പുംഗവന്മാരും ചേര്‍ന്നുള്ള മീറ്റിംഗില്‍, നിയമവകുപ്പിന്റെ ഈ നിര്‍ദ്ദേശം പരാമര്‍ശിക്കുകപോലും ചെയ്യാതെ ഓണ്‍ ദ്‌ സ്പോട്ട്‌ പോക്കുവരവ്‌ നടത്തിക്കൊടുക്കാന്‍ രാജേന്ദ്രനെന്തായിരുന്നു അത്ര ധൃതി? രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായം തേടിയിരുന്നോ? ഇക്കാര്യം കാബിനെറ്റ്‌ ചര്‍ച്ചചെയ്തിരുന്നോ? മന്ത്രിസഭ ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാട്‌ സ്വീകരിച്ചിരുന്നോ? ഇടതു മുന്നണിയില്‍ തന്നെ ഇക്കാര്യം സംബന്ധിച്ച്‌ എന്തെങ്കിലും കാര്യം ചര്‍ച്ചയ്ക്കു വന്നിരുന്നോ എന്നറിയില്ല. അതോ ഇത്തരം കാര്യങ്ങളില്‍ ഏരണാകുളത്തെ ട്രേഡ്‌യൂണിയന്‍ നേതാക്കളാണോ മന്ത്രിമാരുടെ അവസാനവാക്ക്‌? കമ്പനി അവകാശപ്പെടുന്നതുപോലെ ഇതൊരു സൈബര്‍ പാര്‍ക്കും അതുവഴി ഐ.ടി വികസനവുമാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കില്‍, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പ്‌ ഇതറിയാതെ(ഔദ്യോഗികമായി) പോയതെന്തേ?. ഇനി ബ്ലൂസ്റ്റാറിന്‌ എന്തും ചെയ്യാമെന്ന് തീര്‍പ്പു കല്‍പിച്ചിട്ടുള്ള ഭൂമിയാണെങ്കില്‍ വെറുതേയെന്തിനൊരു ഐ.ടി പുകമറ? അവര്‍ക്ക്‌ ഷോപ്പിംഗ്‌ കോമ്പ്ലക്സുകളോ, ഫ്ലാറ്റുകളോ , കാഴ്ചബംഗ്ലാവോ പണിയാമല്ലോ! കൂട്ടത്തില്‍ ചില കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ ഐ.ടി കമ്പനികള്‍ക്ക്‌ വാടകയ്ക്കും കൊടുക്കാം. ഒരു സര്‍ക്കാരിനും ചോദ്യം ചെയ്യാനധികാരമില്ല. അപ്പോഴാണ്‌ ഇതിലെന്തോകള്ളക്കളിയുണ്ടെന്ന് സംശയമുണരുന്നത്‌.കണ്ണൂസ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു. കരീമിന്‌ ഇതില്‍ എന്തോ താല്‍പര്യ സംരക്ഷണ ലക്ഷ്യമുണ്ടായിരുന്നു എന്ന അയാളുടെ ഇക്കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലെ നിലപടുകളിലെ വഴുക്കല്‍ കണ്ടാല്‍ ബോധ്യപ്പെടും.കിരണ്‍ പറഞ്ഞതുപോലെ ഒരുപക്ഷേ ഇതില്‍ ഗ്രൂപ്പിനതീതമായ ഒരു ഒത്തൊരുമയും ഉണ്ടായിരുന്നിരിക്കാം. ഏതായാലും ആരൊക്കെയോ ചിലര്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട്‌ നാലഞ്ച്‌ തലമുറയ്ക്ക്‌ പണിയെടുക്കാതെ സുഭിക്ഷമായി കഴിയാനുള്ള 'വഹ' യുണ്ടാക്കിയിട്ടുണ്ടെന്നകാര്യത്തില്‍ കിരണും, കണ്ണൂസിനും യോജിപ്പുണ്ടെന്ന് കരുതുന്നു.
6. കിരണേ, എഴുതാപ്പുറം വായിച്ചതല്ല, നിയമോപദേശം നല്‍കിയ വിജയകുമാറിനും നിയമവകുപ്പിനും നേരേയുള്ളത്രമുന വ്യവസായവകുപ്പിനും, രാജേന്ദ്രനും നേരേയില്ലേയെന്നൊരു സംശയംതോന്നിയത്‌ സ്വാഭാവികം മാത്രമാണ്‌. താങ്കള്‍ കരീമിനേയും രാജേന്ദ്രനേയും ന്യായീകരിച്ചു എന്ന് ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല. ഏതായാലും ഈ 'ദുരൂഹത' മറനീക്കി പുറത്തുവരട്ടെ നമുക്ക്‌ കാത്തിരിക്കാം. പിന്നെ ഈ ഇടപാടില്‍ പണത്തിന്റെ കളികള്‍ ഒന്നും നടന്നിട്ടില്ലെന്നൊക്കെ നമുക്ക്‌ സാങ്കേതികത്വം പറഞ്ഞ്‌ ആലങ്കാരികമായി പറഞ്ഞുവെക്കാം. സത്യം പുറത്തുവരുമ്പോഴേ ഇതില്‍ നടന്നിട്ടുള്ള മുഴുവന്‍ കളികളും (അതുപുറത്തുവരുമോയെന്ന് ആരറിഞ്ഞു!) പുറത്തുവരൂ. നമുക്ക്‌ കുറേയൊക്കെ ഊഹിക്കാമെന്നുമാത്രം.

Wednesday, January 2, 2008

അരിവില കൂടട്ടങ്ങനെ കൂടട്ടെ!

സന്തോഷിന്റെ
എന്ന പോസ്റ്റിന്‌ എഴുതിയ കമന്റ്‌
ലപ്പുഴ ജില്ലയിലെ ഓണാട്ടുകരയില്‍ ഇന്നും നെല്‍കൃഷി ചെയ്യുന്ന അപൂര്‍വ്വം കുടുംബങ്ങളില്‍ ഒന്നാണ്‌ എന്റേത്‌.നെല്‍ കൃഷി വന്‍ നഷ്ടമുണ്ടാക്കുന്ന ഒന്നാണെന്ന് ആരെക്കാളും നന്നായി എനിക്കറിയാമെങ്കിലും പരമ്പരാഗതമായി പാടശേഖരവും, പുഞ്ചയും, വിരിപ്പുമെല്ലാമുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചതിന്റെ പേരിലും ചെറുപ്പം തൊട്ടേ ഈ കൃഷി അന്നമൂട്ടിയിരുന്നതിന്റെ നന്ദിയും കടപ്പാടും ഇന്നുമുള്ളതിനാലും, കാളയും, കലപ്പയും, തടിച്ചെരുപ്പും, 'മരവും', ചക്രവും അറയും അങ്ങനെ കൃഷിയെന്നത്‌ രക്തതില്‍ അലിഞ്ഞു ചേര്‍ന്നതിനാലും, എന്റെ പിതാവ്‌ നെല്‍കൃഷി നിര്‍ത്തിയിട്ടില്ല.

ഓരോ വര്‍ഷവും കൃഷി കഴിഞ്ഞ്‌ കണക്കെടുക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം കൈമുതലായിട്ടും ഒരു സര്‍ക്കാര്‍ ഉദ്യോഗം കൂടി ഉണ്ടായിരുന്നതുകൊണ്ടും, അന്തസ്സായി നാലു ജോലിക്കാരുടേതിനു തുല്യമായ പണി പാടത്ത്‌ ചെയ്യാന്‍ ഒരു മടിയുമില്ലത്തതുകൊണ്ടും, അത്‌ പണിക്കാരേക്കാള്‍ നന്നായി അറിയാമെന്നതുകൊണ്ടും മാത്രമാണ്‌ നഷ്ടമായിട്ടുകൂടി അദ്ദേഹത്തിന്‌ ഇത്രകാലവും അത്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിഞ്ഞത്‌. ഞാന്‍ ഓരോ വര്‍ഷവും ചോദിക്കുമ്പോള്‍ "നിര്‍ത്തിയെടാ, ഇപ്രവാശ്യത്തേതുകൂടിയേയുള്ളൂ, ഇത്‌ ലാസ്റ്റാണ്‌ എങ്ങനെയെങ്കിലും ഒന്നു കൊയ്ത്‌ കരയ്ക്കെത്തിച്ചാല്‍ മാത്രം മതി" യെന്നും പറുമ്പോഴും, എന്റെ ഉമ്മിച്ച അതിനെതിരേ "നിനക്കെന്താ, ഇതിങ്ങനെതന്നെ എന്നും പറയും, ഒരു 'കിറിമി'! ഇതുകൊണ്ടൊക്കെ എന്തോ നേട്ടമാണെന്നെനിക്കറിഞ്ഞൂടാ. വല്ലവരേയും തീറ്റിപ്പോറ്റാനായിങ്ങനെ കൈയ്യിലിരിക്കുന്ന കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെ".

ഞാന്‍ ഉള്ളാലെ ചിരിക്കാറേയുള്ളൂ. കാരണം അടുത്ത തവണയും ഇതുതന്നെ അദ്ദേഹം പറയുമെന്നറിയാവുന്നതിനാല്‍. പക്ഷേ ഞാന്‍ ഒരിക്കലും നെല്‍കൃഷി നിരുത്സാഹപ്പെടുത്താറില്ല കാരണം എനിയ്ക്കോ അതു ചെയ്യാന്‍ കഴിയുന്നില്ല പിന്നെ കഷ്ടപ്പെട്ടും നഷ്ടം സഹിച്ചും അതുചെയ്യുന്നത്‌ ഒരു സാമൂഹ്യ സേവനമായി ഞാന്‍ കാണുന്നു. അത്രയും നെല്ല് എന്റെ നാടിനുവേണ്ടി ഉത്‌പാദിപ്പിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍! മാത്രവുമല്ല ശീരം അനങ്ങി ജോലിചെയ്യുന്നതിനാല്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനെങ്കിലും ഉതകുമെന്നതിനാലും ഞാന്‍ ഇതിനെ കാര്യമായി എതിര്‍ക്കാറുമില്ല. എങ്കിലും ചിലപ്പോള്‍ ചങ്കു തകരാറുണ്ട്‌ ചില സന്ദര്‍ഭങ്ങളില്‍ ആവിഷമം കാണുമ്പോള്‍. കൊയ്ത്ത്‌ അടുക്കുമ്പോള്‍ പാടത്ത്‌ മുക്കൂലി ചിലവുചെയ്തുണ്ടാക്കിയ നെല്ല് വിളഞ്ഞുകിടക്കുമ്പോള്‍, അത്‌ കൊയ്യാനാളെക്കിട്ടാതെ വിഷമിക്കുമ്പോള്‍, അതിനായി വെരുകിനേപ്പോലെ ഓടി നടക്കുന്നതുകാണുമ്പോള്‍, നാളെയുങ്കിലും കൊയ്യണം എന്നു കരുതി വെട്ടം വീഴുന്നതിനുമുന്‍പ്‌ ആള്‍ക്കാരെ അന്വേഷിച്ച്‌ ഓടുമ്പോള്‍, "ഇന്നും ആളെക്കിട്ടിയില്ല ഞയറാഴ്ചയാകട്ടേന്നു പറഞ്ഞു(തൊഴിലി പ്പെണ്ണുങ്ങള്‍) അന്നേയുള്ളുപോലും അണ്ടിയാപ്പീസിനവധി!" പലപ്പോഴും ഈ ഞയറാഴ്ചകള്‍ അനന്തമായി നീളുമ്പോള്‍ നെല്ലെല്ലാം പാടത്തു വീണടിഞ്ഞ്‌ അങ്ങനെ നശിക്കുന്നതുകാണുമ്പോള്‍ ഒരു കര്‍ഷകനുണ്ടാകുന്ന സങ്കടം അത്‌ എനിയ്ക്കറിയാം. പിന്നെ വല്ല വിധേനയും അതു കൊയ്ത്‌ കണ്ടത്തിലിട്ടാല്‍ തന്നെ (പണ്ടൊക്കെ കൊയ്തുകാര്‍ തന്നെ കറ്റ ചുമന്ന് വീട്ടിലെത്തിക്കുമായിരുന്നു)ആളെ നിര്‍ത്തി (അതിന്‌ ആളെവിടെ?) ചുമന്നു വീട്ടുമുറ്റത്തെത്തിച്ചാല്‍ അതവിടെയിരുന്ന് കിളിര്‍ക്കും! പിന്നെ മെതിയെന്ത്രം സ്വന്തമായുള്ളതിനാല്‍ രാത്രിയും പകലുമായി അവര്‍ രണ്ടുപേരും ഉറക്കം പോലുമില്ലാതെ കറ്റമെതിക്കലാണ്‌. കൂലിക്കാരെ കാലുപിടിച്ച്‌ ഒന്നോ രണ്ടോ ദിവസം പകല്‍ കിട്ടിയാല്‍ തന്നെ മെതിച്ചു കഴിഞ്ഞിട്ടുണ്ടാകില്ല.അവരുടെ പ്രായത്തില്‍ നാട്ടിലാരും ഈപണി ചെയ്യുന്നില്ലല്ലോ എന്നാലോചിക്കുമ്പോള്‍ സങ്കടം തോന്നുമെങ്കിലും അവര്‍ ചെയ്യുന്നത്‌ ഒരു പുണ്യമാണെന്ന് കരുതി സമാധാനിക്കും. ദൂരെയുള്ള നിലങ്ങളില്‍നിന്നും കറ്റ ആദ്യം തലച്ചുമടായും പിന്നെ ലോറിയിലും കൊണ്ടുവരികയും വേണം. ഇതിനൊക്കെ പണച്ചിലവിനേക്കാളുപരിയായി ക്ഷമയും സഹനശക്തിയും, തൊഴിലാളികളുടെ യഥാസമയമുള്ള ലഭ്യതയും സഹകരണവും ഇല്ലാതെ കഴിയില്ല തന്നെ. കൃഷി നഷ്ടമാകുന്നത്‌ ഇതൊക്കെ കൊണ്ടാണ്‌. അല്ലതെ മണ്ണോരിക്കലും ഞങ്ങളെ ചതിച്ചിട്ടില്ല.

കൊയ്തുമെതിച്ച്‌ അതുണക്കി തൂറ്റി ചപ്പും പൊടിയും വേര്‍തിരിച്ച്‌ നെല്ലും പതിരും വേര്‍തിരിച്ച്‌ ചാക്കില്‍ കെട്ടിവെച്ചാല്‍ അറ്റുത്ത മനോവിഷമം തുടങ്ങുകയായി. നാട്ടില്‍ നെല്ലെടുക്കാനാളില്ലാതായി. പണ്ടൊക്കെ വിത്തിടുമ്പോള്‍ അല്ലെങ്കില്‍ നടുമ്പോള്‍ തന്നെ 'കുഞ്ഞേ ഇപ്രാവശ്യം നെല്ലിഞ്ഞ്‌ തരണേ' എന്ന അപേക്ഷയുമായി പിറകേ നടന്നിരുന്ന 'കീച്ചാടി കുത്ത്‌' കാരായ കാര്‍ന്നോന്മാരെ കാണാനില്ല, അവരെല്ലാം ഉണ്ടോ അതോ അവരുടെ കാലം കഴിഞ്ഞുപോയോ എന്ന് വിഷമത്തോടെ ഓര്‍ക്കും. ഇന്ന് നെല്ല് എന്റെ പിതാവിന്റെ ഭാഷയില്‍ 'ചൗക്കലായി, നായിക്കും വേണ്ടാതായി' കുട്ടനാട്ടിലൊക്കെ കാര്‍ഷിക പാക്കേജോ അല്ലെങ്കില്‍ മറ്റു പലതോ ഒക്കെയായി എന്തെങ്കിലുമൊക്കെ സഹായം ലഹിക്കുമായിരിക്കും അല്ലെങ്കില്‍ സര്‍ക്കാര്‍ സംഭരിക്കുമായിരിക്കും, പക്ഷേ കുട്ടനാട്ടുകാരല്ലാത്ത ഓണാട്ടുകരയിലെ ഇന്നും നെല്‍കൃഷി ചെയ്യുന്ന പാവം കര്‍ഷകര്‍ എന്തു ചെയ്യാന്‍? എങ്കിലും ഞാന്‍ കൃഷിയെ ഒരിക്കലും തള്ളി പറയില്ല. എന്റെ പൂര്‍വ്വ പിതാക്കളെ അന്നമൂട്ടിയ അതേതൊഴില്‍ തന്നെയായിരിക്കാം നാളെ ഒരു പക്ഷേ എന്റെ വരും തലമുറയ്ക്കും ആശ്രയമായേക്കവുന്നത്‌ എന്ന ഒരു തോന്നല്‍ ഉള്ളിലെവിടെയോ!

അതുകൊണ്ടു തന്നെ കൂട്ടുകൃഷിക്കാരായ പലരും കളം വിട്ട്‌ പാടങ്ങള്‍ വിറ്റുകളയുകയോ, നികത്തി മറ്റു പലതു ചെയ്യുകയോ നികത്തി മറ്റു കൃഷികളിലേക്കു തിരിഞ്ഞപ്പോഴും, എന്നെങ്കിലും പിള്ളാര്‍ക്ക്‌ പാടത്തിറങ്ങേണ്ടി വരുന്ന ഒരവസ്ഥയുണ്ടായാല്‍ അന്ന് പാടമില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ഒരു തോന്നലില്‍ എന്റെ പിതാവ്‌ നിലം വില്‍ക്കാനോ, മണ്ണെടുത്ത്‌ കുഴിക്കാനോ, നികത്തി തെങ്ങുന്തൈ വെയ്കനോ തയ്യാറയില്ലെന്നത്‌ ഞാന്‍ സന്തോഷത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നു. പക്ഷേ അതിന്റെ പേരില്‍ ഒരുഗുണവും ഇതുവരെയുണ്ടായിട്ടില്ല.അല്ല വേണമെന്നില്ല, അതുപ്രതീക്ഷിച്ചല്ലല്ലോ അദ്ദേഹം ഒരു കൃഷിക്കാരനായത്‌! നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ അതിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന ഒരു കൃഷിവകുപ്പും അതിനായി ഒരു മന്ത്രിയും, കോടികള്‍ മുടക്കി ഇന്നുവരെ കൃഷി എന്തെന്ന് കണ്ടിട്ടില്ലാത്ത പക്ഷേ 'കൃഷി' മാത്രമറിയാവുന്ന കുറേ ഉദ്യോഗസ്ഥരുമുള്ള ഒരു വകുപ്പ്‌ ഇവിടെയുണ്ടെന്നറിയുന്നതു തന്നെ രോമാഞ്ചജനകമാണ്‌!

വെട്ടിനിരത്തുകയുമൊന്നും വേണ്ടാ, പകരം ഏക്കറുകണക്കിന്‌ പാടശേഖരങ്ങള്‍ ഇന്നും കാടുപിടിച്ച്‌ നശിച്ചു കിടക്കുന്നു ഞങ്ങളുടെ നാട്ടില്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കരിന്‌ ധൈര്യമുണ്ടോ അതേറ്റെടുത്ത്‌ നെല്‍കൃഷിയിറക്കി അരിവില നാട്ടില്‍ പിടിച്ചു നിര്‍ത്താന്‍? അല്ലെങ്കില്‍ നെല്‍കൃഷി ഭീമമായ നഷ്ടം സഹിച്ചും നടത്തിക്കൊണ്ടുപോകുന്നവരെ വിത്തും വളവും നല്‍കി സമയത്തിന്‌ സഹായിച്ച്‌ നെല്ല് കൃഷിക്കാര്‍ക്ക്‌ നഷ്ടം വരാത്തവിധത്തില്‍(അതു കിടന്നു കിളിര്‍ത്ത്‌, നാശമായി പോയി കഴിയുമ്പ്പോഴല്ല) സംഭരിച്ച്‌ സൂക്ഷിക്കാനും തയ്യാറുണ്ടോ? ഉണ്ടെങ്കില്‍ അരിവില കുറയും തീര്‍ച്ച! അതിനുപകരം എവിടെയെങ്കിലും ഒന്നോരണോ തുണ്ടു പാടത്ത്‌ അയല്‍ക്കൂട്ടമെന്നൊക്കെ പ്രഹസനം നടത്താനും പത്രത്തില്‍ പടം വരുത്താനും വേണ്ടി നിലം ഏറ്റെടുത്ത്‌ കൃഷിയിറക്കി എന്നൊക്കെ തലക്കെട്ടുകള്‍ സൃഷ്ടിച്ചതുകൊണ്ടുമാത്രം കാര്യമായില്ല.

ഇവിടെയിപ്പോള്‍ 30%മൊന്നും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.അരിവില അങ്ങനെ കൂടട്ടെ, കൂടിക്കൂടി കിലോയ്ക്ക്‌ 100 രൂപ വെരെയാകട്ടെ! ഇത്‌ അല്‍പം സ്വാര്‍ത്ഥതയാണെന്നറിയാമെങ്കിലും അങ്ങനെയെങ്കിലും കേരളത്തില്‍ നെല്‍കൃഷിക്ക്‌ മാന്യമായ സ്ഥാനവും, താല്‍പര്യവും, അതിനായി തൊഴിലാളികളേയും കിട്ടട്ടെ! എന്നിട്ടുവേണം കമ്പ്യൂട്ടറൊക്കെ വലിച്ചെറിഞ്ഞിട്ട്‌ പാടത്തെ ചെളിയിലേക്കൊന്നെടുത്തു ചാടാന്‍!

Monday, December 31, 2007

ജനുവരി 1, 2008- തീവ്രവാദമില്ലാത്തലോകം!

സുകുമാരന്‍ മാഷേ നന്ദി.
ഞാന്‍ ഇപ്പോള്‍ മാത്രമല്ല മുന്‍പും, ഇനിയെന്നും ഇത്തരത്തില്‍ ചിന്തിക്കുകയും അതിനായി എന്നാല്‍ കഴിയുന്നത്‌ ചെയ്യുകയും ചെയ്യും.ഇത്തരം സാമൂഹികപ്രശ്നങ്ങളിലുള്ള എന്റെ മുന്‍ നിലപാടുകളും അതിനുദാഹരണങ്ങളാണ്‌.
എന്റെ മുസ്ലിം സഹോദരങ്ങളില്‍ തീവ്രവാദത്തിനെതിരായ നിലപാട്‌ സൃഷ്ടിക്കുകയും തീവ്രവാദമെന്ന മാനുഷികതയ്ക്കെതിരായ ഈ അത്യാപത്തിനെതിരേ ചിന്തിക്കാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ജാഗ്രതപാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമോ അതു ചെയാന്‍ ഞാന്‍ എന്നും ശ്രമിച്ചുകൊണ്ടേയിരിക്കും.
ലോകസമാധാനത്തിനായി ലോക മനുഷ്യരാശിക്കു മുഴുവനുമായി എത്തിക്കപ്പെട്ട ഒരു മഹത്തായ ഒരു സന്ദേശത്തിനെ പിന്‍പറ്റുന്നവരെന്ന അവകാശവാദം മാത്രം മറ്റു സഹോദരങ്ങളുടെ സംശയമകറ്റാന്‍ മതിയാവുകയില്ല. അതിന്‌ യോജിച്ച രീതിയിലുള്ള ചിന്തയും പ്രവര്‍ത്തവുമാണതിനാവശ്യം.
തീവ്രവാദത്തിനെതെരേയുള്ള ബോധവത്കരണവും അതുമൂലം സമൂഹം നേരിടുന്ന അരക്ഷിതാവസ്ഥയുമെല്ലാം മുസ്ലിം യുവാക്കള്‍ അത്യധികം ഗൗരവത്തോടെ കാണണം. അതിനായി മത പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ക്കായി ഇനിയും കാത്തിരിക്കുന്നതിലര്‍ത്ഥമില്ല. മാറ്റം യുവാക്കളില്‍ നിന്നുമുണ്ടാകണം. തീവ്രവാദത്തിനെതിരായ ഒരു സാമൂഹിക നവീകരണം മുസ്ലിം യുവാക്കള്‍ക്കുടെ ഇടയില്‍ ആരംഭിക്കണം. അതിന്‌ പ്രസ്ഥാനങ്ങളോ, രാഷ്ട്രീയമോ, അരാഷ്ട്രീയമോ ഒന്നും തടസ്സമാകരുതെന്നാണ്‌ എന്റെ വിനീതമായ അഭ്യര്‍ഥന.
തീവ്രവാദത്തിന്റെ ക്രിമികീടങ്ങള്‍ ജനിക്കാന്‍ സാധ്യതയുള്ള അഴുക്കുചാലുകള്‍ നികത്തിക്കൊണ്ടായിരിക്കണം അതിന്‌ തുടക്കം കുറിക്കേണ്ടത്‌. അത്‌ ചില ക്രിമിനല്‍ മനസ്സുകളല്ലാതെ മറ്റൊന്നുമല്ല! അവിടേയ്ക്ക്‌ വെളിച്ചമെത്തിക്കന്‍ കഴിയണം.നമുക്കതിനുകഴിയും എന്ന ഉറച്ച്‌ വിശ്വാസക്കാരനാണ്‌ ഞാന്‍.
സമാനചിന്താഗതിയിലുള്ളവരുടെ എല്ലാവരുടേയും ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള സഹകരണവും സഹായവും ഞാന്‍ ഇക്കാര്യതില്‍ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു.എന്നെക്കൊണ്ട്‌ കഴിയുന്ന തരത്തില്‍ ഇത്തരം ചിന്തയും പ്രവര്‍ത്തനങ്ങളും പരമാവധി യുവാക്കളിലെത്തിക്കാനുള്ള എളിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും.
എല്ലാവര്‍ക്കും ഒരു നല്ല, സമാധാനപരമായ, സന്തോഷപ്രദമായ പുതുവര്‍ഷം ആശംസിക്കുന്നു.
സുകുമാരന്‍ മാഷിന്റെ വാദത്തോട്‌ യോജിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ക്രിസ്തുമതത്തിന്‌ ഇനിയും അതിലേക്ക്‌ ആളെക്കൂട്ടി എന്താ വല്ല ശക്തിപ്രകടനവും നടത്താന്‍ പോകുകയാണോ? ക്രിസ്തുമതത്തിന്റെ മാത്രം കാര്യമല്ല, മറ്റ്‌ സെമിറ്റിക്‌ മതങ്ങളുടേയും. പക്ഷേ ക്രിസ്തുമതത്തിന്റെ കാര്യം എടുത്തുപറയാന്‍ കാര്യം മറ്റു മതങ്ങളേക്കാളും സ്വന്തം മതത്തില്‍ ആളെച്ചേര്‍ക്കാന്‍ കാണിക്കുന്ന തത്രപ്പാടുകളും അതിളക്കിവിടുന്ന സാമൂഹിക പ്ര്ശ്നങ്ങളുമാണ്‌. ഇപ്പറയുന്ന പാവപ്പെട്ട ആദിവാസികളേയും മറ്റും അരിയും എണ്ണയുമൊക്കെ ക്കൊടുത്ത്‌ ഉദ്ധരിക്കാന്‍ അവര്‍ ക്രിസ്തുമതത്തില്‍ ചേരണമെന്ന് എന്തിനാണ്‌ ഇത്ര നിര്‍ബണ്ഡം പിടിക്കുന്നത്‌? ക്രിസ്തുപറഞ്ഞിട്ടുണ്ടോ ക്രിസ്ത്യാനിയായവരെ മാത്രമേ സഹായിക്കാവൂ എന്ന്? സുകുമാരന്‍ മാഷ്‌ പറയുന്നതുപോലെ യതാര്‍ത്ഥത്തില്‍ നാനാത്വത്തില്‍ ഏകത്വവും സഹിഷ്ണുഹയുമായി കഴിയുന്ന ഹിന്ദു ജനവിഭാഗങ്ങളുടെ ഇടയില്‍ ഇത്തരക്കാരുടെ ആളെച്ചേര്‍ക്കലുകള്‍ ഇളക്കിവിടുന്ന പ്രശ്നങ്ങള്‍ സംഘപരിവാര്‍ മുതലെടുക്കുന്നതിനേയും കുറ്റം പറയാന്‍ കഴിയില്ല, അത്‌ അവരുടെ ജോലിയാണ്‌. മിഷനറിമാര്‍ ചെയ്യുന്ന പാതകത്തിന്റെ വേറൊരു രീതിയിലാണത്‌ നടപ്പിലാക്കുന്നതെന്നുമാത്രം! മിഷണറിമാര്‍ യാതാര്‍ഥ്യബോധത്തോടെ കുറേക്കൂടി വിശാലാടിസ്ഥാനത്തില്‍ ചിന്തിക്കുകയും,ക്രിസ്തു മതത്തില്‍ ആകൃഷ്‌ടരായി മതവിശ്വാസം സ്വികരിക്കാന്‍ മുന്നോട്ടുവരുന്നവരെ മാത്രമേ സ്വീകരിക്കാവൂ എന്നും, നിര്‍ബന്ധിച്ചും, ദാരിദ്ര്യം, മറ്റുപിന്നോക്കാവസ്ഥ എന്നിവ ചൂഷണം ചെയ്തും, പണം മുടക്കിയുമുള്ള ആളെച്ചേര്‍ക്കലുകള്‍ നിര്‍ത്തലാക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. അല്ലാതെ കണ്ണാടച്ചിരുട്ടാക്കി വിലപിച്ചിട്ട്‌ കാര്യമുണ്ടെന്നു തോന്നുന്നില്ല!സുകുമാരന്‍ മാഷ്ക്കും കുടുംബത്തിനും ഹൃദ്യമായ പുതുവര്‍ഷാശംസകള്‍!

ഷാനവാസ്‌ ഇലിപ്പക്കുളം said...
പിന്നെ ഒരു കാര്യം കൂടി, പാമരന്‍ പറഞ്ഞതുപോലെ പിന്നെ ഇക്കാര്യത്തില്‍ ഇവിടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയുമ്മൊക്കെയുള്ള സാഹചര്യത്തില്‍ ആരെയെങ്കിലും നിയമം നടപ്പിലാക്കല്‍, സാമൂഹിക നീതിഉറപ്പുവരുത്തല്‍ എന്നിവയുടെ മൊത്തവിതരണം ഏല്‍പിക്കേണ്ട

Friday, December 28, 2007

2007 ഡിസംബര്‍ 28

"ഇസ്ലാം തീവ്രവാദം ഇപ്പോള്‍ മുസ്ലിമിങ്ങളില്‍ നിന്ന് കൈവിട്ടു പോയി . അത് ഒരു സമാന്തര വിദ്ധ്വംസക മതമായി വളരുകയാണ്"സുകുമാരന്‍ മാഷേ, താങ്കളുടെ ഈ നിരീക്ഷണത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. ഇത്തരം തീവ്രവാദികള്‍ മതവിരുദ്ധരാണെന്നും ഇത്തരക്കാര്‍ക്ക്‌ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും പ്രഖ്യാപിക്കുകയും, തസ്ലീമയ്ക്കും, റുഷ്ദിക്കുമെതിരേ വാളോങ്ങുന്നതിനും മുന്‍പേ ഇത്തരം പിശാചുക്കളാണ്‌ ഇന്ന് ഇസ്ലാമിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളെന്ന തിരിച്ചറിവാണ്‌ മതനേതൃത്വത്തിനും അനുയായികള്‍ക്കും ഉണ്ടാകേണ്ടത്‌. കേവലം വിശ്വാസപരമായ ചില വ്യതിയാനങ്ങളുടെ പേരില്‍ അഹമ്മദീയരെ, അനിസ്ലാമായി പ്രഖ്യാപിക്കുന്ന മതനേതൃത്വം ഇത്തരം വിധ്വംസക മതക്കാരുടെ നേരേ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടത്‌ വളരെ അനിവാര്യമായിരിക്കുന്ന സാഹചര്യമാണിന്ന് ലോകത്ത്‌ നിലനില്‍കുന്നത്‌. ഇനിയും പാലിക്കപ്പെടുന്ന മൗനം മറ്റു മതസ്ഥരില്‍ മുസ്ലിംകളെക്കുറിച്ച്‌ സംശയം ജനിപ്പിക്കുന്നെങ്കില്‍ അവരെ തെറ്റു പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ കൊല്ലുന്നത്‌ ലോകത്തിലെ മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്നും അത്‌ മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ഖുര്‍ആനിലുണ്ടായിട്ട്‌ മാത്രം കാര്യമില്ലല്ലോ? അതുപോലെ ആത്മഹത്യയെന്നത്‌ കഠിനമായ പാപങ്ങളില്‍ ഒന്നാണെന്നും അങ്ങനെ ചെയ്യുന്നവന്‍ ഒരിക്കലും സ്വര്‍ഗ്ഗം കാണുകയില്ലെന്നും വിശ്വസിക്കുന്ന ഒരു മതവിഭാഗത്തിലെ പെട്ടവരെന്ന് അവകാശപ്പെടുന്ന ഈ ഷൈത്താന്മാര്‍ ആത്മഹത്യയിലൂടെ നിരവധി നിരപരാധികളെ കൊന്നൊടുക്കി നേടാനുദ്ദേശിക്കുന്നത്‌ ഒരു തരത്തിലും മതപരമല്ലെന്നും പ്രാബോധനം നടത്തുകയാണ്‌ അടിയന്തിരമായി ഈ മുല്ല്ലാക്കാമാര്‍ ചെയ്യേണ്ടത്‌. അല്ലാതെ ഖുര്‍ആന്‍ അനുസരിക്കാതെ ചില പിശാചുക്കള്‍ നിരപരാധികളെ കൊന്നൊടുക്കുപോള്‍ പെരുന്നാളാഘോഷിക്കുകയല്ല വേണ്ടത്‌. ഇന്ന് ബേനസീര്‍, നാളെ? ഒരിക്കല്‍ ഇത്‌ നമ്മുടെ പടികടന്നെത്തുന്നതുവരെ ഇത്‌ പാക്കിസ്ഥാനിലല്ലേ? അല്ലെങ്കില്‍ ഇറാക്കിലല്ലേ എന്ന് ചിന്തിച്ച്‌ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന പൗരോഹിത്യ കടല്‍ക്കിഴവന്മാര്‍ വായില്‍ നാക്കുണ്ടങ്കില്‍ പ്രതികരിക്കുകയാണ്‌ വേണ്ടത്‌. ഇതര മതസ്ഥരായ സഹോദരങ്ങളുടെ സംശയം ഒഴിവാക്കാന്‍ എല്ലാവരുടേയും സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഇസ്ലാമെന്നാല്‍ സാഹോദര്യം, സമാധാനമെന്ന് പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലെ 'മിംബറില്‍' കയറി പ്രസംഗിക്കുകയല്ല വേണ്ടത്‌. ഇനി പ്രവര്‍ത്തിയാണ്‌ ആവശ്യം.